photo

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ ഭരണം ബി.ജെ.പി പിടിച്ചെടുത്തു. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ബിന്ദു പ്രദീപ് സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. അഞ്ചു മാസത്തിനുള്ളിൽ മൂന്നാം തവണ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നതോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്.

കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പിയെ ഒഴിവാക്കാൻ കോൺഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചെങ്കിലും, വിജയിച്ച ശേഷം സി.പി.എം അംഗം പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ, കോൺഗ്രസ് വിമതൻ ദീപു പടകം ബി.ജെ.പിക്ക് അനുകൂലമായി വോട്ടു ചെയ്തു. ബിന്ദുപ്രദീപിന് ഏഴ് വോട്ട് ലഭിച്ചപ്പോൾ വിജയമ്മ ഫിലേന്ദ്രന് നാല് വോട്ടാണ് കിട്ടിയത്. അഞ്ച് അംഗങ്ങളുള്ള എൽ.ഡി.എഫിൽ സി.പി.എമ്മിലെ അജിതാ ദേവരാജിന്റെ വോട്ട് അസാധുവായി.പതിനെട്ടംഗ ഭരണസമിതിയിൽ ബി.ജെ.പിക്കും കോൺഗ്രസിനും ആറ് വീതവും സി.പി.എമ്മിന് അഞ്ച് അംഗങ്ങളുമാണുള്ളത്. ഇവർക്ക് പുറമെ യു.ഡി.എഫ് വിമതനായി വിജയിച്ച സ്വതന്ത്രനുമുണ്ട്. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം.