ആലപ്പുഴ: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ നഗരത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സി.എഫ്.എൽ.ടി.സി) പ്രവർത്തനം പുനരാരംഭിച്ചു. മുനിസിപ്പൽ ടൗൺഹാളിലെ സെന്ററിൽ മുപ്പതോളം പേരെ പാ‌ർപ്പിച്ചിട്ടുണ്ട്. ആകെയുള്ള 190 കിടക്കകളിൽ 120 എണ്ണം പുരുഷന്മാർക്കും, 70 എണ്ണം സ്ത്രീകൾക്കുമായാണ് സജ്ജമാക്കിയിരിക്കുന്നത്. ജനറൽ ആശുപത്രിയിലെയും വനിതാ - ശിശു ആശുപത്രിയിലെയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനമാണ് ഇവിടെ ഉപയോഗിക്കുക. നഗരത്തിൽ കടപ്പുറം വനിതാ - ശിശു ആശുപത്രിയാണ് കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നത്. ഇവിടെ നിന്നുള്ളവരെയാണ് ആദ്യഘട്ടത്തിൽ ടൗൺഹാളിലെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റുന്നത്. ഗുരുതര ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലും പ്രവേശിപ്പിക്കും. സി.എഫ്.എൽ.ടി.സികളിലെ രോഗികൾക്ക് നഗരസഭയാണ് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്. ജനകീയ ഭക്ഷണശാലയിൽ നിന്നാണ് ഉച്ചയൂണ് ലഭ്യമാക്കുന്നത്. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ വാർഡുകളിലെയും ജാഗ്രതാ സമിതികളുടെ പ്രവർത്തനവും ശക്തമാക്കിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബോധവത്ക്കരണത്തിന് അനൗൺസ്മെന്റ് സംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കി. എല്ലാ വാർഡുകളിലെയും ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കി

- സൗമ്യരാജ് , മുനിസിപ്പൽ ചെയർപേഴ്സൺ