photo1
ഫോട്ടോ : അഖില സുരേന്ദ്രൻ (പൊന്നു)

കലയിലും കായിക മത്സരങ്ങളിലും ഒരുപോലെ മി​കവുതെളി​യി​ച്ച് കൊച്ചു മിടുക്കി

ചാരുംമൂട് : കണ്ടാൽ ഇത്തിരിപ്പോളം വരുന്ന ഈ കൊച്ചു മിടുക്കി ഇടിച്ചും ഗുസ്തി പിടിച്ചും നേടിയത് സുവർണ നേട്ടങ്ങൾ. ഇന്റർ കോളേജ് ജൂഡോ ചാമ്പ്യൻഷിപ്പിലും റെസ്ലിംങ് ചാമ്പ്യൻഷിപ്പിലുമാണ് കേരള യൂണിവേഴ്സിറ്റിയിൽ നി​ന്നും സ്വർണം നേടിയത്.

മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ മൂന്നാം വർഷ ബി എസ് സി ഫിസിക്സ് വിദ്യാർഥിയായ അഖില സുരേന്ദ്രനെ നാട്ടുകാരും വീട്ടുകാരും പൊന്നു എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത്.

. ജൂഡോയിൽ അണ്ടർ 44 കി​ലോഗ്രാമി​ലും റസ്‌ലിംഗിൽ 50 കി​ലോഗ്രാം വിഭാഗത്തിലുമാണ് അഖില സ്വർണം നേടിയത്. കഴിഞ്ഞവർഷം ഈ രണ്ടു വിഭാഗത്തിലും നേടിയ വെങ്കലമെഡൽ ഇത്തവണ സ്വർണമാക്കുകയായിരുന്നു. നേരത്തെ സ്കൂൾതലത്തിലും സ്റ്റേറ്റിൽ രണ്ട് തവണ ഗോൾഡ് മെഡൽ നേടുകയും നാഷണൽ ലെവലി​ലും മത്സരിക്കുകയും ചെയ്തിട്ടുണ്ട് അഖില .

ഗിന്നസ് റെക്കോർഡിൽ ഇടംനേടിയ ഏകാത്മകം മെഗാ ഇവന്റിലെ നൃത്ത അംഗം കൂടിയാണ് അഖില . അഖില സ്കൂൾ കലോത്സവത്തിൽ നാടകത്തിലും ഡാൻസ് ഇനങ്ങളിലും ജില്ലാതലത്തിൽ വിജയിച്ചിട്ടുണ്ട്. പേരൂർകാരാഴ്മ എസ്.എൻ.ഡി.പി ശാഖയുടെ ബാലജനസഖ്യം മുൻ പ്രസിഡന്റും പ്രാർത്ഥനാ സംഘത്തിന്റെ ഇപ്പോഴത്തെ ലീഡറും കൂടിയാണ് ഈ കൊച്ചു മിടുക്കി. പേരൂർകാരാഴ്മ ശ്യാം സദനത്തിൽ സുരേന്ദ്രന്റെയും ശ്യാമളയുടെയും ഏറ്റവും ഇളയ മകളാണ്. സ്വാശ്രയ എൻജിനീയറിങ് കോളേജിൽ അസി. പ്രൊഫസറായ ചേട്ടൻ ആനന്ദ് ശ്യാമും ആർ.പി.എഫ് ഉദ്യോഗസ്ഥയായ ചേച്ചി അർച്ചനയും അഖിലയ്ക്ക് എല്ലാ പിന്തുണയുമായി കൂടെയുണ്ട്.