കായംകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്ത് ബി.ഡി.ജെ.എസിനെ ബി.ജെ.പി കാലുവാരിയതായി ആരോപണം. എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറിയുമായ പി.പ്രദീപ് ലാലിനെതിരെ ബി.ജെ.പി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ഗൂഡാലോചന നടത്തിയെന്നും പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നുവെന്നുമാണ് ആരോപണം. ഇതു സംബന്ധിച്ച് പ്രദീപ് ലാൽ ബി.ജെ.പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കൾക്ക് പരാതി നൽകി.
മുന്നോക്ക വിഭാഗത്തിന് ഏർപ്പെടുത്തിയ സാമ്പത്തിക സംവരണത്തിന് എതിരെ സമരം ചെയ്തുവെന്ന് നായർ സമുദായത്തിന്റെ ഇടയിൽ പ്രചാരണം നടത്തുകയും മൈക്രോ ഫൈനാൻസിന്റെ പേരിൽ പിന്നീട് ആരോപണങ്ങൾ ഉയർത്തുകയും ചെയ്തു. ഇതു കൂടാതെ വോട്ട് ലഭിക്കാതിരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി.
ബി.ജെ.പിയുടെ ഒരു നേതാവുപോലും പ്രചാരണത്തിന് ഇറങ്ങിയില്ല. സമ്മർദ്ദം ശക്തമായപ്പോൾ പേരിനിറങ്ങി പിൻവാങ്ങി. മുഴുവൻ ബൂത്തുകളിലും വോട്ടിംഗ് ശതമാനം കുറഞ്ഞത് ബി.ജെ.പിയുടെ സജീവ പ്രവർത്തകർ വിട്ടു നിന്നതുകൊണ്ടാണ്. സംസ്ഥാന ജില്ലാ നേതാക്കൾ വരെ ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിച്ചതായാണ് ആരോപണം.