s

കുട്ടനാട്: പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച മുട്ടാർ-നീരേറ്റുപുറം സെൻട്രൽറോഡ് വേനൽമഴയിൽ ചെളിക്കുണ്ടായി മാറിയതോടെ യാത്ര ദുരിതമായി. മുട്ടാർ കൊമരംചിറ പള്ളിക്ക് സമീപം മുതൽ സഹൃദയ ജംഗ്ഷൻ വരെയുള്ള 3.30 കിലോ മീറ്റർ ദൂരമുള്ള റോഡിൽ ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ്.

മൂന്നരക്കോടി രൂപ വിനിയോഗിച്ചുള്ള നിർമ്മാണജോലികളുടെ ഭാഗമായി ഒരു മാസം മുമ്പാണ്‌ റോഡ് വെട്ടിപ്പൊളിച്ചത്. ഇതിനു പിന്നാലെ തിരഞ്ഞെടുപ്പ് എത്തിയതോടെ ജോലികൾ നിറുത്തിവയ്‌ക്കേണ്ടിവന്നു. ഏതാനും ദിവസം മുമ്പ് റോഡുപണി പുനരാരംഭിച്ചെങ്കിലും വേനൽമഴ ശക്തിപ്പെതോടെ നിർമ്മാണം വീണ്ടും തടസ്സപ്പെട്ടു. തുടർന്ന് നിർമ്മാണത്തിനായി ഇറക്കിയ ഗ്രാവൽ വെള്ളവുമായി കലർന്ന് റോഡ് ചെളിക്കുണ്ടായി മാറി.

കിടങ്ങറ കോരവളവ് ജംഗ്ഷനിൽ നിന്നും എടത്വാ നീരേറ്റുപുറം വളരെ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന പ്രധാനറോഡാണിത്. വെള്ളപ്പൊക്കസമയത്ത് കുമരംചിറ പള്ളി, മുട്ടാർ പഞ്ചായത്ത് ഓഫീസ്, ദീപ ജംഗ്ഷൻ തുടങ്ങിയ ഭാഗങ്ങൾ മുഴുവൻ വെള്ളം കയറുകയും യാത്ര ബുദ്ധിമുട്ടായി മാറുകയും ചെയ്തതോടെയാണ് റോഡ് പുനർനിർമ്മിക്കാനായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പദ്ധതിക്ക് രൂപം നൽകിയത്.