മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായ ഒതളപ്പുഴത്തോടിന്റെ നീരൊഴുക്കിനെ ബാധിക്കുന്ന തരത്തിൽ അശാസ്ത്രീയ നിർമ്മാണം നടത്തുന്നതിനെതിരെ പരാതി ഉയരുന്നു. തോടിന്റെ വീതി കുറയുമെന്ന് മാത്രമല്ല, ഭൂമിയിലേക്ക് വെള്ളം താഴാത്ത തരത്തിൽ അടിഭാഗം കോൺക്രീറ്റ് ചെയ്താണ് നിർമ്മാണം.വശങ്ങളിൽ കോൺക്രീറ്റ് ഭിത്തി ഉയർത്തി മുകൾ ഭാഗം മാൻഹോൾ പോലും ഇല്ലാതെ 30 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്യാനാണ് പദ്ധതി.
13 ലക്ഷം രൂപ വിനിയോഗിച്ചാണ് ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ നിർമ്മാണം.
നാലര മീറ്ററുള്ള തോടിന്റെ വീതി നിർമ്മാണം പൂർത്തിയാകുമ്പോൾ മൂന്നര മീറ്ററായി ചുരുങ്ങും. നിലവിൽ തോടിന്റെ ഒരു ഭാഗത്ത് സംരക്ഷണഭിത്തിയുണ്ട്. ഈ ഭിത്തി നിലനിൽക്കുമ്പോഴാണ് കോൺക്രീറ്റ് സംരക്ഷണഭിത്തി വീണ്ടും നിർമ്മിക്കുന്നത്. 2019ൽ നിർമമാണാനുമതി ലഭിച്ച നിർമ്മാണ പ്രവൃത്തികൾ ഇപ്പോഴാണ് കരാറുകാരൻ ഏറ്റെടുത്തത്.
നല്ല വീതിയുണ്ടായിരുന്ന ഒതളപ്പുഴത്തോട് ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്കുള്ള റോഡു നിർമ്മാണത്തിന്റെയും ക്ഷേത്ര ജംഗ്ഷൻ നവീകരണത്തിന്റെയും ഭാഗമായാണ് വീതി കുറഞ്ഞ നിലയിലായത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ തോടിന് മുകളിൽ സ്ലാബിട്ട് ഫുട്പാത്തും നിർമ്മിച്ചു. ഇതിനും മാൻഹോളോ നീക്കം ചെയ്യാവുന്ന സ്ലാബോ സ്ഥാപിച്ചിട്ടില്ല. ഇതു മൂലം മാലിന്യം അടിഞ്ഞുകൂടിയാൽ നീക്കം ചെയ്യാൻ കഴിയില്ല. നീരൊഴുക്ക് തടസപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഇടവപ്പാതിയിൽ ചെട്ടികുളങ്ങര ക്ഷേത്രത്തിലും പടിഞ്ഞാറേ നടയിലെ വീടുകളിലും ഉൾപ്പെടെ വെള്ളം കയറിയിരുന്നു. ഇപ്പോൾ നിർമമാണം നടത്തുന്ന 30 മീറ്ററിലും സ്ലാബുകൾ മാറ്റാൻ കഴിയാത്ത തരത്തിലാണ് പ്രവൃത്തി നടത്തുന്നത്.
പദ്ധതി ഇങ്ങനെ
അനുവദിച്ച തുക : 13 ലക്ഷം
നിർമ്മാണാനുമതി ലഭിച്ചത് : 2019ൽ
കോൺക്രീറ്റ് ചെയ്യുന്നത് : 30 മീറ്റർ നീളത്തിൽ
പഞ്ചായത്തിനും മൗനം
അശാസ്ത്രീയ നിർമാണമാണ് നടക്കുന്നതെങ്കിലും ഇതിനെതിരെ ഗ്രാമപഞ്ചായത്ത് അധികൃതരും മൗനത്തിലാണ്. ഗ്രാമപഞ്ചായത്ത് ഓഫീസിന് 50 മീറ്റർ സമീപത്താണ് നിർമാണ ജോലികൾ നടക്കുന്നത്. തോടിന്റെ വീതി ഗണ്യമായി കുറയുന്നത് മഴക്കാലത്ത് ക്ഷേത്രത്തിൽ ഉൾപ്പെടെ വെള്ളം കയറാൻ കാരണമാകുമെന്നറിഞ്ഞിട്ടും ബന്ധപ്പെട്ടവർ പ്രതികരിക്കാത്തത് ചില സ്വകാര്യ വ്യക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്ന് ആക്ഷേപമുണ്ട്. ഒതളപ്പുഴത്തോടിന് സംരക്ഷണഭിത്തിയില്ലാത്ത ഭാഗങ്ങളുണ്ടെങ്കിലും അതിന് പരിഹാരം കാണാതെ പടിഞ്ഞാറേ നടയിൽ അശാസ്ത്രീയമായി നിർമാണം നടത്തുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.