photo

ചേർത്തല: കടക്കരപ്പള്ളിയുടെ കാർഷിക സംസ്‌കൃതി തിരികെ കൊണ്ടുവരാനുള്ള കാർഷിക ജനകീയ പദ്ധതിക്ക് തുടക്കമായി.
തൈക്കൽ വജ്ര സോഷ്യൽ സൊസൈ​റ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് ജനകീയ കാർഷിക പദ്ധതി നടപ്പാക്കുന്നത്. കടക്കരപ്പള്ളി പഞ്ചായത്ത് അതിർത്തിയിലെ ഭൂരിഭാഗം വീടുകളിലും ഒരു കൃഷിയെങ്കിലും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ആവശ്യമുള്ളവർക്ക് വിത്തുകളും പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള ഗ്രോ ബാഗുകളും കുറഞ്ഞ വിലയിൽ പദ്ധതിയിലൂടെ ലഭ്യമാക്കും. കൃഷി ഉദ്യോഗസ്ഥരും വിവിധ സ്ഥലങ്ങളിലെ പരിചയ സമ്പന്നരായ കർഷകരും കൃഷിയിടങ്ങളിലെത്തി വേണ്ട ഉപദേശങ്ങൾ നൽകും. കുടുംബത്തിലെ എല്ലാവരും ചേർന്നുള്ള കൃഷി പരിപാലനത്തിനും പദ്ധതി മുൻതൂക്കം നൽകും. ഉത്പാദിപ്പിക്കുന്ന കാർഷിക വിളകളുടെ വിപണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വജ്രയുടെ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ പറഞ്ഞു.

ജനകീയ കാർഷിക പദ്ധതിയുടെ ഉദ്ഘാടനം ചേർത്തല നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പ്രസാദും യു.ഡി.എഫ് സ്ഥാനാർത്ഥി എസ്. ശരത്തും ചേർന്ന് നിർവഹിച്ചു. സൊസൈ​റ്റി പ്രസിഡന്റ് സുരേഷ് മാമ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കാർഷിക നാട്ടുകൂട്ടം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനനും സൗജന്യ കാർഷിക വിത്തുവിതരണം ജയിംസ് ചിക്കുതറയും ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ പട്ടണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ജയപാൽ, മുനിസിപ്പൽ കൗൺസിലർ ആശാ മുകേഷ് എന്നിവർ ആദരിച്ചു. നിർദ്ധനരായ രോഗികൾക്കുള്ള സൗജന്യ പല വ്യഞ്ജന കി​റ്റ് വിതരണം ടി.കെ. സത്യാനന്ദൻ നിർവ്വഹിച്ചു. ആർദ്റ ഹാബി​റ്റാ​റ്റ് മാനേജിംഗ് ഡയറക്ടർ പി.ഡി. ലക്കിയാണ് ആവശ്യമായ കി​റ്റ് സ്‌പോൺസർ ചെയ്തത്. കെ.ഡി. ഉദയപ്പൻ, പി.ഡി. ഗഗാറിൻ, അന്റണി തോപ്പിൽ എന്നിവർ സംസാരിച്ചു. സൊസൈ​റ്റി സെക്രട്ടറി കെ.എസ്. സജിമോൻ സ്വാഗതവും പി.ആർ.ഒ കെ.ആർ.രജീന്ദ്രൻ നന്ദിയും പറഞ്ഞു.