a
ഡിപ്പോ വളപ്പിൽ ഇന്ധന പമ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ യു.ഡി.എഫ് എ‍.ടി.ഒയെ തടഞ്ഞുവെച്ച് സമരം നടത്തുന്നു

ഡിപ്പോ വളപ്പിലെ വർക്‌ഷോപ് ഷെഡ് പൊളിച്ചു നീക്കാനും തീരുമാനം

മാവേലിക്കര: കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ പ്രവർത്തിക്കുന്ന സ്പെ‌യർ പാർട്സ് സ്റ്റോർ റെയിൽവേ സ്റ്റേഷന് സമീപമുള്ള കെ.എസ്.ആർ.ടി.സി റീജിനൽ വർക്‌ഷോപ്പിലേക്ക് മാറ്റാൻ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർക്ക് ഉന്നത അധികൃതർ നിർദേശം നൽകി. സ്റ്റോർ മാറ്റുന്നതോടെ ഇവിടെ ജോലി ചെയ്യുന്ന 2 ജീവനക്കാർ റീജിനൽ വർക്‌ഷോപിലെത്തി ജോലി ചെയ്യണം. കഴിഞ്ഞ ആഴ്ച അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറെ റീജിനൽ വർക്‌ഷോപിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്റ്റോർ മാറ്റുന്നതിന് പിന്നാലെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിലവിലുള്ള വർക്‌ഷോപ്പും റീജിനൽ വർക്‌ഷോപ്പിലേക്ക് മാറ്റിയ ശേഷം ഡിപ്പോ വളപ്പിലെ വർക്‌ഷോപ് ഷെഡ് പൊളിച്ചു നീക്കാനാണ് തീരുമാനം. കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിക്കുന്നതിന് എന്തെങ്കിലും തടസങ്ങൾ റീജിനൽ വർക്‌ഷോപ്പിലുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും റീജിനൽ വർക്‌ഷോപ് മാനേജർക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ഡിപ്പോ വളപ്പിൽ ഇന്ധന പമ്പ് സ്ഥാപിക്കാനുള്ള തീരുമാനം

യു.ഡി.എഫ് എ‍.ടി.ഒയെ തടഞ്ഞുവെച്ചു

മാവേലിക്കര: സ്ഥല പരിമിതിയുള്ള കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ വളപ്പിൽ ഇന്ധന പമ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ എ‍.ടി.ഒയെ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയോടെയാണ് മുൻ എം.എൽ.എ കെ.കെ.ഷാജു, നഗരസഭാദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ, ഉപാദ്ധ്യക്ഷ ലളിത രവീന്ദ്രനാഥ്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനി വർഗീസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപൻ, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് ജി.കോശി തുണ്ടുപറമ്പിൽ, കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം തോമസ് സി.കുറ്റിശേരിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഡിപ്പോയിലെത്തി എ.ടി.ഒയെ തടഞ്ഞുവച്ചത്. സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്തു. ചർച്ച നടത്താമെന്നുമുള്ള ഉറപ്പിൽ സമരം അവസാനിച്ചു.