മാവേലിക്കര: പുതിയകാവ് ജംഗ്ഷനിലെ തെരുവിന്റെ സന്തതിയായ ഡാഫർ ഇനി ഓർമ്മകളിൽ മാത്രം. കുട്ടിക്കാലത്ത് തമിഴ്നാട്ടിൽ നിന്ന് മാവേലിക്കരയിൽ എത്തിപ്പെട്ട കുമാർ അറിയപ്പെട്ടത് ഡാഫർ എന്നാണ്. ഡാഫറിനെ കുഞ്ഞുനാൾ മുതൽ അറിയുന്ന ചിലർക്ക് മാത്രമേ കുമാർ എന്ന പേര് ഇന്ന് ഓർമ്മയിൽ ഉള്ളൂ.
പുതിയകാവിലെ ഒരു പഴയ ലോഡ്ജിലെ റൂം ബോയി ആയിരുന്നു ഡാഫർ. ലോഡ്ജിന്റെ ഉടമ മരിച്ചതോടെ തൊഴിൽ നഷ്ടപ്പെട്ട ആ ബാലൻ തെരുവിന്റെ സന്തതിയായി. പിന്നീട് വളർന്നത് പുതിയകാവ് തെരുവിലാണ്.
ആരും ചെയ്യാനറക്കുന്ന ജോലി ഡാഫർ പൂർണമനസോടെ ഏറ്റെടുക്കും. വഴിയിൽ വണ്ടിയിടിച്ച് ചാകുന്ന പട്ടികളെ മറവുചെയ്യുന്നത് പോലും ഡാഫറായിരുന്നു. അത് കണ്ട് ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ അത് വാങ്ങും. സെന്റ് മേരീസ് ഹാളിൽ നടക്കുന്ന സത്കാരത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിരുന്നത് ഡാഫറാണ്. അതിനുള്ള കൂലിയായി നൂറ് രൂപ വാങ്ങും. കൂടുതൽ കൊടുത്താലും വാങ്ങാറില്ല. പുതിയകാവ് സെന്റ് മേരീസ് പള്ളിയുടെ ഹാളിന്റെ മുറ്റത്തായിരുന്നു ഡഫാറിന്റെ രാത്രിയിലെ ഉറക്കം. നേരം വെളുക്കും മുമ്പേ ആർക്കും ഒരു ശല്ല്യവ്യമില്ലാതെ പായെടുത്തു സ്ഥലം കാലിയാക്കും. ഡാഫറിന്റെ അവസാന ഉറക്കവും അവിടെ തന്നെ ആയിരുന്നു.