ആലപ്പുഴ: കഴിഞ്ഞ ദിവസം ലഭിച്ച 20,000 ഡോസ് കൊവിഷീൽഡ് വാക്സിനും വിതരണം ചെയ്തതോടെ കൂടുതൽ ഡോസ് എത്തിയില്ലെങ്കിൽ ജില്ലയിലെ വാക്സിനേഷൻ മുടങ്ങുമെന്ന അവസ്ഥയായി. ഇന്നു രാത്രിയോടെ ആവശ്യമായ വാക്സിൻ എത്തുമെന്ന് സൂചനയുണ്ടെന്നങ്കിലും ആരോഗ്യവകുപ്പ് അധികൃതർക്ക് അത്ര ഉറപ്പില്ല.
രണ്ടാം ഡോസ് വാക്സിനായി രജിസ്റ്റർ ചെയ്തെങ്കിലും ക്ഷാമം മൂലം ലഭിക്കാതിരുന്നവർക്ക് എന്നു വാക്സിൻ ലഭ്യമാകുമെന്നോ അതിനായി വീണ്ടും രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ടോ എന്നതിലും ആശയക്കുഴപ്പം തുടരുകയാണ്.
വാക്സിൻ ക്ഷാമമുണ്ടെന്ന വിവരം പരന്നതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് എടുക്കേണ്ടവരുടെ ഉൾപ്പെടെ തിരക്കു വർദ്ധിച്ചു. രണ്ടാം ഡോസ് എടുക്കേണ്ട സമയമായതിനാൽ ഇവർ കൂട്ടമായി എത്തിയതാണ് തിരക്കുണ്ടാക്കിയത്. രജിസ്ട്രേഷൻ കൗണ്ടറിൽ പേരു രേഖപ്പെടുത്തിയവർക്കു മുൻഗണനാ ക്രമം അനുസരിച്ചു ടോക്കൺ നൽകിയിരുന്നു. പല കേന്ദ്രങ്ങളിലും വാക്സിൻ സ്വീകരിക്കാനെത്തിയവർ സാമൂഹിക അകലം പാലിക്കാത്തത് തലവേദനയാവുന്നുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യക്തിഗത ജാഗ്രത എല്ലാവരും ഉറപ്പാക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. പ്രതിരോധം ശാസ്ത്രീയമായി പാലിച്ചാൽ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാൻ കഴിയൂ. വീട്ടിൽ നിന്നു അവശ്യകാര്യങ്ങൾക്ക് പുറത്തുപോയി മടങ്ങുന്നതുവരെ ചില നിഷ്കർഷ പാലിക്കണം.
ജില്ലാ പഞ്ചായത്തിന്റെ 2 കോടി
ജില്ലാതല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാ പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ടൗൺഹാളിനു സമീപത്തെ ജെൻഡർ പാർക്കിൽ ആരംഭിച്ച ഹെൽപ് ഡെസ്ക് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫീസിന്റെ നിർദ്ദേശ പ്രകാരം സാനിട്ടൈസർ, മാസ്ക്, ടെസ്റ്റ് കിറ്റ് തുടങ്ങി 18 അവശ്യ സാധനങ്ങൾ വാങ്ങുന്നതിനാണ് രണ്ടു കോടി രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം രാവിലെ പത്ത് മുതൽ അഞ്ച് വരെയാണ്. അഞ്ചു കൗൺസിലർമാർ, അഞ്ചു കുടുംബശ്രീ പ്രവർത്തകർ, അഞ്ചു സാക്ഷരത പ്രേരക്കുമാർ എന്നിങ്ങനെ 15 പേരടങ്ങുന്ന സംഘമാണ് ഡെസ്കിൽ പ്രവർത്തിക്കുന്നത്
ഹെൽപ് ഡെസ്ക് നമ്പർ......... 0477- 2962496
എമർജൻസി നമ്പർ................. .9496571269