s

ആലപ്പുഴ : കൊവിഡ് ഭീഷണി കാരണം, മുൻകാലങ്ങളിലെപ്പോലെ വലിയ പ്രതീക്ഷ ഇല്ലെങ്കിലും നോയമ്പു കാലത്ത് ഉണർവിലാണ് ഈന്തപ്പഴ വിപണി. നോമ്പുതുറ വിഭവങ്ങളിൽ പ്രഥമ സ്ഥാനമുള്ള ഈന്തപ്പഴത്തിന്റെ വൈവിദ്ധ്യമാർന്ന ഇനങ്ങളാണ് വിപണിയിൽ നിരന്നിട്ടുള്ളത്. കിലോഗ്രാമിന് 100 രൂപ മുതൽ 1900രൂപവരെ വിലയുണ്ട്.

നോയമ്പുകാലത്താണ് ഈന്തപ്പഴ കച്ചവടം കൂടുന്നത്. സാധാരണയുള്ളതിനേക്കാൾ അമ്പതു ശതമാനം വർദ്ധനവു വരെ കച്ചവടത്തിൽ മുൻകാലങ്ങളിൽ ലഭിച്ചിരുന്നു. എന്നാൽ കൊവിഡ് ഭീഷണി കാരണം രണ്ട് വർഷങ്ങളായി കച്ചവടം ഇത്രയേറെ വർദ്ധിച്ചിട്ടില്ല. വലിയ രീതിയിലുള്ള ഇഫ്താർ വിരുന്നുകൾ ഉപേക്ഷിച്ചതിനാൽ, വീടുകളിലേക്കുള്ള ഉപയോഗത്തിനായാണ് ഈന്തപ്പഴം വാങ്ങിപ്പോകുന്നത്. ഹോട്ടലുകളും സംഘടനകളും ഉൾപ്പെടെ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിച്ചിരുന്നപ്പോൾ കൂടുതൽ അളവിൽ ഈന്തപ്പഴം ചിലവായിരുന്നു. വിവിധ ഇനങ്ങളിൽ ഈന്തപ്പഴം ലഭ്യമാണ്.

45 തരം ഈന്തപ്പഴമാണ് നോയമ്പ് പ്രമാണിച്ച് ഇത്തവണ നഗരത്തിലെ വിപണിയിലെത്തിയിട്ടുള്ളത്. സൗദി അറേബ്യ, ഒമാൻ, ടുണീഷ്യ, ഇറാൻ, അൾജീരിയ, ജോർദാൻ,ഇസ്രയേൽ ,ബഹറിൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് കേരളത്തിലേയ്ക്ക് ഈന്തപ്പഴം എത്തുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള അ‌ജ്‌വ, മബ്റൂം, സുൽത്താൻ ,ബറാരി,കൽമി ,ജോർദാനിൽ നിന്നുള്ള മേജോൾ എന്നീ ഇനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ജോർദാൻ-ഇസ്രയേൽ അതിർത്തിയിൽ വളരുന്ന വലിപ്പമേറിയ ഈന്തപ്പഴവും വിപണിയിലുണ്ട്.

വിവിധ ഇനങ്ങളും വിലയും (കിലോഗ്രാമിന്)

മേജോൾ : ₹1800,

മബ്റൂം : ₹1100

കിമിയ(ഇറാൻ) : ₹ 400

അജ്‌വ : ₹1800-2200

ആരോഗ്യ സംരക്ഷണത്തിന്

നാരുകൾ കൂടുതലുള്ളതാണ് സൗദിയിൽ നിന്നെത്തുന്ന അജ്‌വ ഇനത്തിലെ ഈന്തപ്പഴത്തെ പ്രിയപ്പെട്ടതാക്കുന്നത്. നോയമ്പ് നോക്കുന്നവർക്ക് ദീർഘനേരം ആരോഗ്യം നിലനിറുത്താൻ സഹായിക്കുമെന്നതാണ് ഈന്തപ്പഴത്തിന്റെ പ്രത്യേകത. നോയമ്പ് അനുഷ്ഠിച്ച ഒരാളുടെ വയർ അമ്ലം കൊണ്ട് നിറഞ്ഞിരിക്കും ഈ അമ്ലത്തെ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് പറയുന്നത്. നോയമ്പുകാലമായതിനാൽ ഡ്രൈ ഫ്രൂട്സ് വിപണിയിലും ഉണർവ് പ്രകടമാണ്. ചൈന, ആഫ്രിക്ക, അഫ്ഗാൻ എന്നിവിടങ്ങളിൽ നിന്നുമാണ് ആപ്രിക്കോട്ട്, വാൾനട്ട്, ബ്ലൂബെറി, കാന്റ്ലോപി, കിവി തുടങ്ങിയ ഉണക്കപ്പഴങ്ങളെത്തിച്ചിരിക്കുന്നത്. കിലോഗ്രാമിന് 600 മുതൽ 2000 രൂപവരെയാണ് ഇവയ്ക്ക് വില.

കൊതിയൂറും വിഭവങ്ങൾ

ഉന്നക്കായ, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, കട്ലറ്റ്, സമൂസ, നെയ്പ്പത്തിരി തുടങ്ങി വിവിധ ഇനം വിഭവങ്ങളാണ് നോമ്പുതുറയ്ക്കായി വിപണിയിലുള്ളത്. മലബാർ വിഭവങ്ങൾക്കാണ് ഇവിടെയും പ്രിയം കൂടുതൽ. വഴിയോരങ്ങളിൽ വൈകുന്നേരം നോമ്പുതുറ വിഭവങ്ങളുടെ വില്പന സജീവമാണ്. കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ടവരാണ് വഴിയോരക്കച്ചവടക്കാരിൽ കൂടുതലും. വിഭവങ്ങളുടെ വൈവിദ്ധ്യമനുസരിച്ച് ഒന്നിന് 10 മുതൽ 30 രൂപ വരെയാണ് വില.

'' മുൻ വർഷങ്ങളെ അപേക്ഷിച്ച് നോമ്പുതുറ വിഭവങ്ങൾക്ക് കച്ചവടം കുറവാണ്. എങ്കിലും കൊവിഡ് പ്രതിസന്ധിയിലും ഭേദപ്പെട്ട കച്ചവടം നടക്കുന്നുണ്ട്. ഇഫ്താർ വിരുന്നുകൾ കുറവായതാണ് കച്ചവടം ഇടിയാൻ കാരണം

-ഷാജി,വ്യാപാരി കൊങ്ങിണിചുടുകാട്