കായംകുളം: എൻ.ഡി.എയ്ക്ക് പിന്നാലെ കായംകുളത്ത് സി.പി.എമ്മിലും കാലുവാരൽ നടന്നെന്ന് സംശയിപ്പിക്കുന്നതാണ് യു. പ്രതിഭ എം.എൽ.എയുടെ ഇന്നലത്തെ ഫേസ് ബുക്ക് പോസ്റ്റും തുടർന്നുണ്ടായ വിവാദവും. വോട്ടെണ്ണാൻ ദിവസങ്ങൾ മത്രം ശേഷിക്കെ പാർട്ടിയിലെ പുതിയ ചർച്ചാ വിഷയമായിരിക്കുകയാണിത്.

ബി.ജെ.പി തങ്ങളെ കാലുവാരിയെന്ന ആരോപണവുമായി ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി പി.പ്രദീപ് ലാൽ ഇന്നലെ രംഗത്ത് വന്നിരുന്നു. പ്രതിഭയുടെ പോസ്റ്റ് മന്ത്രി ജി.സുധാകരനെതിരെയാണന്ന് ആക്ഷേപം ഉയർന്നതോടെ സുധാകരൻ അനുകൂലികൾ രംഗത്ത് വന്ന് കടുത്ത ഭാഷയിൽ വിമർശിച്ചു. നേതാക്കൾ ‌ഇടപെട്ടതോടെ പ്രതിഭ പോസ്റ്റ് പിൻവലിക്കുകയും താനല്ല ഇതിന് പിന്നിലെന്ന് പറഞ്ഞ് തലയൂരുകയും ചെയ്തെങ്കിലും എൽ.എൽ.എ തന്നെയാണ് സംശയനിഴലിൽ.

കായംകുളത്തെ സ്ഥാനാർത്ഥി നിർണ്ണയം ആദ്യം മുതൽ തന്നെ സി.പി.എമ്മിന് തലവേദനയായിരുന്നു. പാർട്ടി പ്രാദേശിക ഘടകത്തിന്റെയും യുവജന സംഘടനയുടെയും എതിർപ്പ് തള്ളിയാണ് സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ പാർട്ടിയിൽ അസ്വസ്ഥതകൾ ഉയർന്നു. പാർട്ടി നേതാക്കൾക്കെതിരെയും മാദ്ധ്യമ പ്രവർത്തകർക്കെതിരെയും പ്രതിഭ വിവാദ പോസ്റ്റുകൾ മുമ്പും ഫേസ്ബുക്കിൽ ഇട്ടിരുന്നു. ചില പ്രവർത്തകരേയും യുവജന നേതാക്കളേയും വിഷ പാമ്പുകളോടും സൈബർ ഗുണ്ടകളോടും താരതമ്യം ചെയ്തു. ഇതൊക്കെ വാർത്തയായതോടെ വനിതാ മാദ്ധ്യമ പ്രവർത്തകരോട് ശരീരം വിറ്റ് ജീവിക്കാനായിരുന്നു ഉപദേശം!

.....................

 പ്രതിഭ പൊലീസിനു നൽകിയ പരാതി

'എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹൈജാക്ക് ചെയ്ത് എന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കൂടി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ടി വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് എന്റെ ഫേസ്ബുക്ക് പേജുകൾ താത്കാലികമായി ബ്ലോക്ക് ചെയ്യാനും ഇത്തരത്തിൽ എന്നെ അപകീർത്തിപ്പെടുത്തുന്നതിനു വേണ്ടി ശ്രമിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും അടിയന്തര നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു'