s

ആലപ്പുഴ: 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും'- കായംകുളം എം.എൽ.എ യു. പ്രതിഭയുടെ ഫേസ് ബുക്ക് പോസ്‌റ്റ് ആലപ്പുഴയിലെ സി.പി.എമ്മിൽ എരിയുന്ന വിവാദത്തീയിൽ എണ്ണയൊഴിച്ച പോലായി. തിരഞ്ഞെടുപ്പിൽ ചതി നടന്നെന്ന ദുഃസൂചനയാണ് പ്രതിഭയുടെ പോസ്‌റ്റെന്നാണ് വ്യാഖ്യാനം. മന്ത്രി ജി.സുധാകരനെതിരെ മുൻ പേഴ്സണൽ സ്‌റ്റാഫംഗത്തിന്റെ ഭാര്യ പരാതി നൽകിയ വിവാദം കെട്ടടങ്ങു മുമ്പാണ് പ്രതിഭയുടെ പോസ്റ്റ് പുതിയ കനലാകുന്നത്.

പോസ്റ്റിന് താഴെ,​ ആരാണ് പൊട്ടനെന്നും ചട്ടനെന്നുമുള്ള കമന്റുകൾ നിറഞ്ഞു. നിമിഷങ്ങൾക്കകം നൂറുകണക്കിന് പേർ ആരോപണവുമായി എത്തിയതോടെ പോസ്‌റ്റ് അപ്രത്യക്ഷമായി. സംസ്ഥാന നേതാക്കൾ ഇടപെട്ടതോടെ പ്രതിഭ ഗത്യന്തരമില്ലാതെ പോസ്‌റ്റ് പിൻവലിച്ചതാണെന്ന് അറിയുന്നു. തിരഞ്ഞെടുപ്പ് ഫലം അടുത്തിരിക്കെ,​ പോസ്‌റ്റ് പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്.

എന്നാൽ പോസ്‌റ്റ് താനിട്ടതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌തതാണെന്നും വിശദീകരിച്ച് പ്രതിഭ മറ്റൊരു കുറിപ്പും ഇട്ടു. അതും ചർച്ച അവസാനിപ്പിക്കണമെന്ന പോസ്റ്റും വൈകാതെ അപ്രത്യക്ഷമായി.

ജി. സുധാകരനെതിരെ പാർട്ടിയിൽ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് വാദിക്കുന്നവരുമുണ്ട്. ജില്ലയിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിൽ സുധാകരനെ കൂടി പഴി ചാരാനാണ് നീക്കം. അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം സീറ്റുകളിലെ ഫലം നിർണായകമാണ്. ഇവിടങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞാൽ വലിയ വിവാദങ്ങളുണ്ടാവും.

 പ്രതിഭയുടെ വിശദീകരണ പോസ്റ്റ്

'എന്റെ പോസ്‌റ്റാണെന്ന് മനക്കോട്ട കെട്ടിയവർ സ്‌റ്റാൻഡ് വിട്ടു പോകണം. ആ പോസ്‌റ്റർ ഏതോ സിനിമയുടേതാണെന്ന് തോന്നുന്നു. ഞാൻ കാണുന്നതിന് മുമ്പേ പോസ്‌റ്റിനടിയിൽ വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങളും ഉണ്ടായി. രാത്രി ഉറങ്ങാതിരുന്ന് ആഹ്ളാദിച്ച യൂത്ത് കോൺഗ്രസുകാർ പോയി കിടന്നുറങ്ങണം'.


 പ്രതിഭ പരാതി നൽകി

ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‌തവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭ ജില്ലാ പൊലീസ് മേധാവിക്ക് ഇ - മെയിലിൽ പരാതി നൽകി. ഫേസ്‌ബുക്കിലെ യു.ആർ.എൽ ഐ ഡി ആവശ്യപ്പെട്ട് അഡിഷണൽ എസ്.പി പരാതി മടക്കി. ഐ.ഡി കിട്ടിയാലേ സൈബർസെല്ലിന് അന്വേഷിക്കാനാവൂ.

 പ്രതിഭയെ തള്ളി സി.പി.എം

കായംകുളത്ത് ഒരു ചതിയുമില്ല. ഫേസ്ബുക്ക് പോസ്‌റ്റിന്റെ സാഹചര്യം അറിയില്ല. വിവാദ പോസ്‌റ്റുകൾ പാടില്ല.

--ആർ. നാസർ, സി.പി.എം ജില്ലാ സെക്രട്ടറി

 മന്ത്രി മാപ്പു പറയണമെന്ന് യുവതി

മന്ത്രി ജി.സുധാകരൻ മാപ്പു പറഞ്ഞാൽ പരാതി പിൻവലിക്കാമെന്ന് മുൻ പേഴ്സണൽ സ്‌റ്റാഫംഗത്തിന്റെ ഭാര്യ വ്യക്തമാക്കി. തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ട്. ഭർത്താവിനെ മന്ത്രി പിരിച്ചുവിട്ടത് ജാതീയമായ ദുരഭിമാനം മൂലമാണ്. പൊലീസ് കേസെടുക്കാത്തത് സമ്മർദ്ദം മൂലമാണ്. തനിക്കും ഭർത്താവിനും പിന്നിൽ രാഷ്‌ട്രീയ ക്രിമിനലുകളില്ലെന്നും യുവതി പറഞ്ഞു.