സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യാൻ വൈകുന്നു
ആലപ്പുഴ : പുഞ്ച കൃഷിയുടെ വിളവെടുപ്പ് അന്തിമഘട്ടത്തിലെത്തിയെങ്കിലും, സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യാൻ വൈകുന്നതിനെത്തുടർന്ന് കർഷകർ ആശങ്കയിൽ. ഇതുവരെ സംഭരിച്ച 11ലക്ഷം ക്വിന്റൽ നെല്ലിന്റെ വില ഇനത്തിൽ 155 കോടി രൂപ ഇനിയും നൽകാനുണ്ട്. ഇതുകൂടാതെ,കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിലെ നെല്ല് സംഭരണം വൈകുന്നതും അടിക്കടിയുള്ള വേനൽമഴയും കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
മാർച്ച് 18വരെ പാഡി റെസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്) നൽകിയ കർഷകർക്ക് 90 കോടി രൂപ വിതരണം ചെയ്തിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് വിളവെടുപ്പ് കൂടുതൽ നടന്നത്. പി.ആർ.എസും അപേക്ഷയും പാഡി ഓഫീസിൽ എത്തിച്ചാൽ സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളിൽ കർഷകരുടെ അക്കൗണ്ടിലെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒരു മാസത്തോളം പിന്നിട്ടിട്ടും പണം ലഭിച്ചിട്ടില്ല. കൊവിഡും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും സൃഷ്ടിച്ച ജീവനക്കാരുടെ അഭാവം കാരണം ലഭിച്ച മുഴുവൻ പി.ആർ.എസും കമ്പ്യൂട്ടറിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ തുക വിതരണം ഇനിയും വൈകും.
പലിശയ്ക്ക് പണം വാങ്ങിയും ബാങ്ക് ലോണെടുത്തും കൃഷിയിറക്കിയ കർഷകരാണ് നെല്ലുവില കിട്ടാത്തതിനെ തുടർന്ന് കണ്ണീരിലായത്. പഴയ വിലയായ കിലോഗ്രാമിന് 27.48രൂപ നിരക്കിലാണ് ഇപ്പോൾ നെല്ല് സംഭരിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ കിലോഗ്രാമിന് 28രൂപ നിരക്കിൽ നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം വിനയായി.
സംഭരണം വൈകുന്നു
613 പാടശേഖരങ്ങളിൽ 28,230 ഹെക്ടർ സ്ഥലത്ത് ഇറക്കിയ പുഞ്ച കൃഷിയിൽ 24,000ഹെക്ടറിലെ വിളവെടുപ്പ് പൂർത്തീകരിച്ചു. 4, 230 ഹെക്ടറിലെ വിളവെടുപ്പാണ് ഇനിയും പൂർത്തിയാകാനുള്ളത്. കൊയ്ത്തു കഴിഞ്ഞ പാടശേഖരത്ത് കൂട്ടിയിട്ടിരിക്കുന്ന 4500ഓളം ലോഡ് നെല്ല് ഇനിയും സംഭരിക്കാനുണ്ട്. പതിരിന്റെ പേരിൽ കൂടുതൽ കിഴിവു നൽകണമെന്ന മില്ലുകാരുടെ കടുംപിടുത്തമാണ് നെല്ല് സംഭരണം വൈകിക്കുന്നത്. നൂറു കിലോ നെല്ല് സംഭരിക്കുമ്പോൾ ഒൻപത് കിലോ വരെ കിഴിവ് നൽകണമെന്നാണ് സപ്‌ളൈകോ സംഭരണത്തിനായി നിയോഗിച്ച മില്ലുകാരുടെ ആവശ്യം. ഈർപ്പവും പതിരും ഇല്ലാത്ത നെല്ലിന് ഇത്രയും കിഴിവ് നൽകാൻ കഴിയില്ലെന്നും രണ്ട് കിലോഗ്രാം കിഴിവ് നൽകാമെന്നുമാണ് കർഷകരുടെ നിലപാട്. എന്നാൽ, മഴയെത്തിയതോടെ നെല്ല് കിളിർത്തു പോകുമെന്നതിനാൽ മില്ലുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി കിഴിവ് കൂട്ടി കൊടുക്കാൻ കർഷകർ നിർബന്ധിതരായി.
''പാഡി റെസീപ്റ്റ് ഷീറ്റ് രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് മുഴുവൻ കർഷകരുടെയും നെല്ല് വില അക്കൗണ്ടിൽ എത്തും. ജീവനക്കാരുടെ കുറവ് കാരണമാണ് രജിസ്ട്രേഷന് കാലതാമസം വന്നത്
പാഡി ഓഫീസ് അധികൃതർ
''സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിലെ കാലതാമസം ഒഴിവാക്കണം. നെല്ലുവില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഏപ്രിൽ ഒന്നു മുതൽ രജിസ്റ്റർ ചെയ്ത പാഡി റെസീപ്റ്റ് ഷീറ്റ് പ്രകാരം കിലോക്ക് 28രൂപ നിരക്കിൽ നൽകണം
ജയലാൽ, കർഷകൻ
പുഞ്ചകൃഷി (ഹെക്ടറിൽ)
വിളവ് ഇറക്കിയത് : 28,230
വിളവെടുപ്പ് പൂർത്തീകരിച്ചത് : 24,000
വിളവെടുക്കാനുള്ളത് : 4,230
നെല്ല് സംഭരണം (ഒരു ലോഡ് 10,000കിലോ)
സംഭരിച്ചത് :11,000 ലോഡ്
സംഭരിക്കാനുള്ളത് 4500(ലോഡ്)
നെല്ല് വില (കോടിയിൽ)
വിതരണം ചെയ്തത് : ₹90
വിതരണം ചെയ്യാനുള്ളത് : ₹155