sudhan

ആലപ്പുഴ: വെള്ളത്തിൽ ചീഞ്ഞളിഞ്ഞും നടുറോഡിൽ ചതഞ്ഞരഞ്ഞും കിടക്കുന്ന മൃതദേഹങ്ങൾ

കാണുമ്പോൾ പൊലീസുകാർ പരതിയിരുന്നൊരു പേരുണ്ട്; സുധൻ ശവം'! ശവശരീരങ്ങൾക്കൊപ്പം 41 വർഷത്തോളം നീണ്ട 'ജീവിത'ത്തിലൂടെ പതിച്ചുകിട്ടിയ വട്ടപ്പേരിൽ നിന്ന് ഭാഗവതപാരായണത്തിന്റെ വഴിയിലേക്ക് സുധൻ മാറി. ഇപ്പോഴും പൊലീസിന്റെ വിളി വരുമെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളാൽ 'പൂർവാശ്രമ'ത്തിന് അർദ്ധവിരാമമിട്ടിരിക്കുകയാണ് സുധൻ.

ആലപ്പുഴ പാലസ് വാർഡ് പുത്തൻചിറയിൽ പി.കെ. സുധന് (65) അജ്ഞാത മൃതദേഹങ്ങളും മോർച്ചറിയിൽ പോസ്റ്റ്മോർട്ടം കാത്തുകിടക്കുന്ന മൃതദേഹങ്ങളും ഭയപ്പെടുത്തുന്ന ഒന്നായിരുന്നില്ല, വരുമാന മാർഗമായിരുന്നു! 24-ാം വയസിൽ മെഡി. കോളേജ് ആശുപത്രിയിൽ സ്കാവഞ്ചർ (ക്ളീനിംഗ് വിഭാഗം) തസ്തികയിൽ ദിവസ വേതനക്കാരനായാണ് ജോലി ആരംഭിച്ചത്. മോർച്ചറി അറ്റൻഡർ അവധിയിലായപ്പോഴാണ് അവിടെ ഡോക്ടർമാർക്ക് സഹായിയായി കൂടിയത്. നാലു പതിറ്റാണ്ടോളം, മോർച്ചറിയിൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യലായിരുന്നു ജോലി. മെഡിക്കൽ വിദ്യാർത്ഥികൾക്കു മുന്നിൽ ഓരോ മൃതശരീരവും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കീറിമുറിച്ചിടുമ്പോൾ സുധൻ പതറിയിട്ടില്ല. പല ദുരൂഹ മരണങ്ങളുടെയും പോസ്റ്റ്മോർട്ടത്തിനു സാക്ഷിയായി. ഇന്നും വിവിധ കേസുകളുടെ വിസ്താരത്തിനായി കോടതികൾ കയറിയിറങ്ങുകയാണ്.

പരിചയക്കാരിയായ സ്ത്രീയും മകളും വാഹനാപകടത്തിൽ മരിച്ചപ്പോൾ സംഭവസ്ഥലത്ത് ഓടിയെത്തി ആ മൃതദേഹങ്ങൾ വാരിയെടുത്ത അനുഭവം സുധന് മറക്കാനാവില്ല. ഉറ്റവ‌ർപോലും തൊടാൻ മടിക്കുന്ന പുഴുവരിച്ചതും ചിന്നിച്ചിതറിയതുമായ ശരീരങ്ങൾ മാസ്കിന്റെയൊ ഗ്ലൗസിന്റെയൊ മറയില്ലാതെ എടുത്ത് ശ്മശാനങ്ങളിലെത്തിച്ചു. അജ്ഞാതശരീരങ്ങൾ മറവുചെയ്യാൻ സർക്കാർ ഒരു തുക നൽകും. ബന്ധുക്കളെത്തി ആവശ്യപ്പെട്ടാൽ വീണ്ടും തുരന്നെടുത്ത് പൊതിഞ്ഞുകെട്ടി കൈമാറുമ്പോൾ അവർ നൽകിയിരുന്ന പ്രതിഫലമാണ് അന്നത്തിന് വകയായതെന്ന് സുധൻ പറയുന്നു. അൻപതിനായിരത്തിലധികം മൃതദേഹങ്ങൾ ഇതിനോടകം കൈകാര്യം ചെയ്തു. ശവശരീരങ്ങൾ കൈകാര്യം ചെയ്തതു വഴി ഒരു വ്യാധിയും ഉണ്ടായിട്ടില്ല. രാജമ്മയാണ് മാതാവ്. ഭാര്യ: സുലോചന. മകൾ: സുനില.

 പുരാണപാരായണം

ഒമ്പതാം ക്ളാസുവരെ മാത്രം പഠിച്ചിട്ടുള്ള സുധന് പുരാണപാരായണം കേൾക്കൽ വളരെ ഇഷ്ടമായിരുന്നു. ജോലിയില്ലാത്തപ്പോൾ ക്ഷേത്രങ്ങളിലെത്തി പാരായണം കേട്ടിരിക്കും. അങ്ങനെയാണ് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടുതുടങ്ങിയപ്പോൾ ജീവിത മാർഗമെന്നോണം ഇതിലേക്കു തിരിഞ്ഞത്. ഗുരുവെന്നു പറയാൻ ആരുമില്ല. വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനും മറ്റു പ്രത്യേക ദിവസങ്ങളിലും സുധൻ പാരായണത്തിന് പോകാറുണ്ട്. പ്രദേശത്തെ വീടുകളിലും പാരായണത്തിന് വിളിക്കാറുണ്ട്.