ആലപ്പുഴ: കഴിഞ്ഞ വർഷത്തെ ദുരിതത്തിൽ നിന്ന് പതിയെ കരകയറി വരവേ, ഇടിത്തീപോലെ കൊവിഡ് വീണ്ടുമെത്തിയപ്പോൾ സ്വകാര്യ ട്യൂഷനുകൾക്ക് വിലങ്ങുവീണത് സമാന്തര വിദ്യാഭ്യാസ മേഖലയ്ക്ക് ആഘാതമായി. വീടുകളിലെ ട്യൂഷനും നിലച്ചതോടെ ആ വഴിയിലുള്ള വരുമാനവും നിലച്ചു.
കൊവിഡ് മാനദണ്ഡം പാലിച്ചാണ് നിലവിൽ ട്യൂഷൻ ക്ലാസുകൾ നടന്നിരുന്നത്. കൊവിഡിനെ തുടർന്ന് സമാന്തര മേഖലയിലെ അദ്ധ്യാപകരുടെ ജീവിതവും 2020 മാർച്ച് മുതലാണ് പ്രതിസന്ധിയിലായത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കഴിഞ്ഞ നവംബർ അവസാനവാരം ക്ലാസുകൾ തുടങ്ങാൻ ഭാഗിക അനുമതി ലഭിച്ചിരുന്നു. കൊവിഡിന്റെ രണ്ടാം വരവിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ പൂട്ടിടാൻ നറുക്കുവീണത് സമാന്തര വിദ്യാഭ്യാസ മേഖലയ്ക്കാണെന്ന് ദൗർഭാഗ്യമായി.
കെട്ടിട വാടക കൊടുക്കാൻ കഴിയാത്തതിനാൽ മിക്ക സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലോക്ക്ഡൗണിന് ശേഷം വരുമാനം മുടങ്ങിയതിനാൽ കുടുംബം പുലർത്താനായി അദ്ധ്യാപകരിൽ പലരും മറ്റ് പലവിധ ജോലികളിലേക്കു തിരിഞ്ഞു. ജില്ലയിൽ ഈ മേഖലയിൽ പണിയെടുക്കുന്ന 15,000ത്തിൽ അധികം അദ്ധ്യാപകർ ദുരിതത്തിലാണ്. ചെറുതും വലുതുമായി 1000 ത്തോളം സമാന്തര വിദ്യാലയങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒന്ന് മുതൽ 10 വരെ ട്യൂഷൻ നൽകുന്ന സെന്ററിൽ കുറഞ്ഞത് 13 ജീവനക്കാർ ഉണ്ടാകും. പ്ളസ് ടു, ഡിഗ്രി വരെയുള്ള സ്ഥാപനങ്ങളിൽ ജീവനക്കാർ ഏകദേശം 25 വരും.
.............................
ഗ്രാമപ്രദേശങ്ങളിൽ കുട്ടികളിൽ നിന്ന് ഫീസ് കൃത്യമായി കിട്ടാറില്ല
ഓരോ സ്ഥാപനങ്ങൾക്കും കിട്ടാനുള്ളത് പതിനായിരക്കണക്കിന് രൂപ
ഫീസ് കുടിശിക കിട്ടിയിരുന്നത് മാർച്ചിലെ ഫൈനൽ പരീക്ഷക്കാലത്ത്
ഓൺലൈൻ ക്ളാസ് ആരംഭിച്ചതോടെ അതും കൃത്യമായി ലഭിച്ചില്ല
കുടിശികഫീസ് കിട്ടാതായതോടെ ശമ്പളം കുടിശികയായി
അദ്ധ്യാപകർക്ക് ഇത് മറ്റൊരു ഇരുട്ടടിയായി
..............................
മെച്ചമല്ല വരുമാനം
ബിരുദാനന്തര ബിരുദത്തിലേറെയുള്ള ഉള്ള തൊഴിൽ രഹിതരായ യുവതീ-യുവാക്കളാണ് ട്യൂട്ടോറിയലുകളിൽ പഠിപ്പിക്കുന്നത്. ഒന്നരമാസത്തിൽ എട്ട് ക്ളാസായിരിക്കും ഒരു അദ്ധ്യാപകന് ഒരു സ്ഥാപനത്തിൽ ലഭിക്കുക. ഇത്രയും ക്ളാസ് എടുക്കുന്നതിന് പരമാവധി കിട്ടുന്നത് 5000 രൂപ. ഒന്നിലധികം സ്ഥാപനങ്ങളിൽ മിക്കവരും ക്ളാസ് എടുക്കാറുണ്ട്.
......................................
സമാന്തര വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണം. കുട്ടികളുടെ എണ്ണം കുറച്ച് ക്ളാസുകൾ നടത്താനുള്ള അനുമതി വേണം. മേൽനോട്ട ചുമതല പ്രദേശിക ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും നൽകണം. നേരിട്ടുള്ള പഠനത്തിൽ കുട്ടികൾ അവരുടെ സംശയങ്ങൾ അദ്ധ്യാപകരോട് ചോദിക്കും. ഓൺലൈൻ ക്ളാസിൽ ഇവർ സംശയം ചോദിക്കാൻ തയ്യാറാകില്ല
ട്യൂട്ടോറിയൽ കോ ഓർഡിനേഷൻ സമിതി അധികൃതർ
............................