ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനർനിർമ്മാണം സംബന്ധിച്ച് ഉയർന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ആവശ്യപ്പെട്ടു.
ഗതാഗത തിരക്ക് പരിഹരിക്കുന്നതിനും പ്രളയത്തെ അതിജീവിക്കുന്നതിനും ഇപ്പോഴത്തെ പുനർനിർമ്മാണം അപര്യാപ്തമാണ്. നാലുവരി ഗതാഗതം അനിവാര്യമാണെങ്കിലും ശാസ്ത്രീയമായ രണ്ടു വരി ഗതാഗതം പോലും പുതിയ നിർമ്മാണത്തിൽ സാദ്ധ്യമാകില്ല. അസാധാരണ പ്രളയത്തിൽ റോഡ് മുങ്ങാനിടയായാൽ ഒറ്റപ്പെട്ട് നില്ക്കുന്ന സെമി എലിവേറ്റഡ് ഹൈവേകൾ ജനങ്ങൾക്ക് ഉപകാരപ്പെടില്ല. ഇ.പി.സി കരാറനുസരിച്ച് ടെണ്ടർ ചെയ്യപ്പെട്ട പ്രവൃത്തിയുടെ രൂപകല്പന തയ്യാറാക്കുന്നത് നിർമ്മാണ കമ്പനി തന്നെയാണ്. അത് പരിശോധിച്ച് അംഗീകരിക്കുന്നതിന് ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും പൊതുജനാഭിപ്രായം കണക്കിലെടുക്കുകയും വേണം. പരിസ്ഥിതി അനുമതി ലഭിച്ചതിനു ശേഷമേ നിർമ്മാണം ആരംഭിക്കാവൂ. ആലപ്പുഴ - ചങ്ങനാശ്ശേരി - വാഴൂർ റോഡ് ദേശീയ പാതയാക്കാനുളള നടപടികൾ ഉടനെ പൂർത്തിയാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ സെമിനാറിൽ ഉയർന്നു. ഈ നിർദ്ദേശങ്ങൾ റോഡീകരിച്ച് 28ന് കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കും. ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ.അനിൽ ജോസഫ് മോഡറേറ്ററായി.
പ്രൊഫ. ഡോ.സുനിൽകുമാർ,യാക്കൂബ് മോഹൻ ജോർജ്, കെ.പി.ഹരൻ ബാബു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കുട്ടനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കെ.തോമസ്, യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ ജേക്കബ് എബ്രഹാം എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഡോ കെ.ജി പത്മകുമാർ, പ്രൊഫ.കെ.ബാലൻ, പ്രോജക്ട് കൺസൾട്ടന്റ് പ്രൊഫ ഹരീന്ദ്രനാഥ്, ജിബിൻ തോമസ്, സുനിൽ പോള, കെ.ആർ ശ്രീകുമാർ ,ബേബിച്ചൻ മുക്കാടൻ, ജോർജ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
കേരളാ ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി സ്വാഗതവും എം ജയചന്ദ്രൻ നന്ദിയും പറഞ്ഞു.