ആലപ്പുഴ: ഡയാലിസിസ് കഴിഞ്ഞു മാതാവിനൊപ്പം ഇരുചക്രവാഹനത്തിൽ മടങ്ങിയ യുവാവിനെ ഹെൽമെറ്റ് ഇല്ലാത്തതിന്റെ പേരിൽ പൊലീസ് വഴിയിൽ തടഞ്ഞ് ബോധംകെടുന്നതുവരെ നിർത്തിയെന്ന പരാതിയിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പെരിങ്ങാല മഠത്തിൽ പടീറ്റതിൽ മുഹമ്മദ്‌റാഫി (23) ക്കാണ് ഈ ദുരനുഭവമുണ്ടായത്. രോഗവിവരം പറഞ്ഞിട്ടും പിഴ അടയ്ക്കാനാവശ്യപ്പെട്ട് പൊലീസ് തന്നെ വണ്ടിയിൽ നിന്ന് ഇറക്കി വഴിയിൽ
നിർത്തിയതായാണ് പരാതി. ഗുരുതര വൃക്കരോഗമുള്ള റാഫി
ഇക്കഴിഞ്ഞ രണ്ട് വർഷമായി ഡയാലിസിസിന് വിധേയനായി വരികയാണ്. കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് കഴിഞ്ഞ് മാതാവിനോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് കായംകുളം ബോയ്‌സ് ഹൈസ്‌കൂളിന് സമീപം ട്രാഫിക് പൊലീസ് തടഞ്ഞത്. ഡയാലിസിസ് കഴിഞ്ഞതാണെന്നും ഹെൽമെറ്റ് ധരിക്കാൻ കഴിയില്ലെന്നു പറഞ്ഞെങ്കിലും സിവിൽ പൊലീസ് ഓഫീസർ തട്ടിക്കയറി. എസ്.ഐയോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല. സിവിൽ പൊലീസ് ഓഫീസറുടെ പേര് ചോദിച്ചത് ഇഷ്ടപ്പെടാത്ത പൊലീസ് സംഘം താൻ ബോധരഹിതനായി വീഴുന്നതുവരെ തടഞ്ഞു നിർത്തിയതായി റാഫി പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.