ടെട്രാപോഡ് സ്ഥാപിക്കൽ
ഇഴഞ്ഞു നീങ്ങുന്നെന്ന് ആക്ഷേപം
മുതുകുളം: ആറാട്ടുപുഴയിലെ ശേഷിക്കുന്ന തീരവും വീടുകളും കൂടി കടലെടുക്കുമോയെന്ന ആധിയിലാണ് തീരവാസികൾ. കാരണം ഒച്ചിഴയും വേഗത്തിലാണ് ഇവിടെ കടൽക്ഷോഭം തടയാനുള്ള ടെട്രാപോഡ് നിർമാണം നടക്കുന്നത്. നിർമാണം തുടങ്ങിയിട്ട് ഒരു വർഷമായെങ്കിലും ഒരു കിലോമീറ്റർ ദൂരം പോലും ഫലപ്രദമായ രീതിയിൽ ടെട്രാപോഡ് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം.
വലിയഴീക്കൽ, വട്ടച്ചാൽ, നല്ലാണിക്കൽ എന്നിവിടങ്ങളിലാണ് ഇപ്പോൾ ടെട്രാപോഡ് നിർമാണം നടക്കുന്നത്. ഈ നൂതന പ്രതിരോധ മാർഗത്തിലാണ് ഇനി തീരദേശവാസികൾ പ്രതീക്ഷ അർപ്പിക്കുന്നത്. ജീവനും സ്വത്തും സ്വപ്നങ്ങളും കടലെടുത്തു കൊണ്ടിരിക്കുമ്പോൾ ഈ ജനതയ്ക്ക് ബാക്കിയായ നേരിയ ആശ്വാസമാണിത്.
വില്ലൻ കൊവിഡെന്ന്
രണ്ട് വർഷമാണ് ഈ പദ്ധതി പ്രവർത്തനങ്ങളുടെ കാലാവധി എന്നും അതിനുള്ളിൽ നിർമാണ പ്രവർത്തികൾ പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ട അധികൃതർ പറയുന്നു. ടെട്രാ പോഡ് നിർമ്മിക്കുന്ന ജോലിയും തീരപ്രദേശത്ത് തന്നെയാണ് നടക്കുന്നത്. ഇവിടെതന്നെ നിർമിച്ചു തീരത്ത് അത് നിരത്തുന്നത് ശ്രമകരമായ ജോലി ആണ്. കോവിഡ് രൂക്ഷമായതോടെയാണ് നിർമാണം മന്ദഗതിയിൽ ആയത്.
ടെട്രാ പോഡ് തന്നെ കേമൻ
കടൽഭിത്തി, പുലിമുട്ട്, മണൽ ചാക്ക് എന്നിവയെക്കാൾ ഫലപ്രദമാണ് ടെട്രാ പോഡ് എന്നാണ് വിലയിരുത്തപ്പെടുന്നു. ഇത് പൂഴി മണലിലേക്ക് താഴ്ന്ന് ഇറങ്ങില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സുനാമിക്ക് ശേഷം കടൽഭിത്തി, പുലിമുട്ട് എന്നിവ പരീക്ഷിച്ചെങ്കിലും ഇവ വേണ്ട രീതിയിൽ വിജയിച്ചില്ല. ഓരോ കടൽക്ഷോഭത്തിലും തീരം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പുലിമുട്ട് ഒരു പരിധി വരെ പ്രയോജനകര മായെങ്കിലും, ശക്തമായ കടൽകയറ്റത്തെ പ്രധോരോധിക്കുക സാധ്യമല്ല.
........................
നിർമാണ പ്രവർത്തനങ്ങൾ തീരുമ്പോഴേക്കും തീരം പൂർണമായും നശിച്ചേക്കാം. കാലതാമസം നേരിടുന്നതിൽ ആശങ്കയുണ്ട്. പുലിമുട്ടോ, കടൽഭിത്തിയോ സ്ഥാപിച്ചു തീരം അടി യന്തിരമായി സംരക്ഷിക്കണം.
കെ. രാജീവൻ, മുൻ പഞ്ചായത്ത് അംഗം, ആറാട്ടുപുഴ
ടെട്രാ പോഡ് ആധുനിക സംവിധാനം ആണ്. ഇത് പുലിമുട്ട്, കടൽഭിത്തി എന്നിവയെക്കാൾ ഗുണകരം ആകുമെന്ന് ഉറപ്പാണ്. സംസ്ഥാന സർക്കാരിന്റെ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതിയാണിത്.
എൻ. സജീവൻ,
പ്രസിഡന്റ്, ആറാട്ടുപുഴ പഞ്ചായത്ത്