s

ഹരിപ്പാട്: പാഴ് വസ്തുക്കളും പഴയ സൈക്കിളിന്റെ ഭാഗങ്ങളും ബാറ്ററിയും മോട്ടോറും ഉപയോഗിച്ച് ഇലക്ട്രിക് സ്കൂട്ടർ തയാറാക്കിയ എട്ടാം ക്ലാസുകാരന് ആദരം. ഹരിപ്പാട് അനന്തപുരം കെ.കെ.കെ.വി.എം ഹൈസ്കൂൾ വിദ്യാർത്ഥിയും കുമാരപുരം ദാറുൽ ഇഹ്‌സാൻ വീട്ടിൽ ഹുസൈന്റെയും ഹസീബയുടെയും മകനുമായ മുഹമ്മദ് യാസീനെയാണ് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റും ഹരിപ്പാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. ആർ.സജിലാൽ വീട്ടിൽ എത്തി ആദരിച്ചത്. 4 മണിക്കൂർ ചാർജ് ചെയ്താൽ ഇരുപത് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന സ്കൂട്ടറിന് മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയുണ്ട്. പ്രോത്സാഹനവും സഹായവും നല്കിയാൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മാണം നടത്തി സ്കൂട്ടർ വിപണിയിൽ ഇറക്കാൻ കഴിയും. ലോക്ക് ഡൗൺ കാലത്ത്‌ മറ്റു നിരവധി ഉപകരണങ്ങളും യാസീൻ നിർമ്മിച്ചിരുന്നു. വാപ്പയോടൊപ്പം യാസിൻ പള്ളിയിൽ പോകുന്നത് താൻ നിർമ്മിച്ച സ്‌കൂട്ടറിലാണ്. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സി.എ. അരുൺകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം യു ദിലീപ്, സി.പി.ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി എം.പി. മധുസൂദനൻ, എ ഷെമീർ, മഹാദേവൻ പിള്ള , ബാലകൃഷ്ണസ്വാമി, സിദ്ദിഖ്, ജി സിനു, ഗോപി ആലപ്പാട് തുടങ്ങിയവരും സജിലാലിന് ഒപ്പമുണ്ടായിരുന്നു.