ആലപ്പുഴ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആലപ്പുഴ നഗരസഭയിൽ കൺട്രോൾ റൂം തുറന്നു.കോവിഡ് പോസിറ്റീവായവർക്കും ക്വാറൻറ്റൈനിൽ കഴിയുന്നവർക്കും സഹായമാവശ്യമെങ്കിൽ 0477 2251792 എന്ന നമ്പരിൽ വിളിക്കാം. ഡോക്ടർമാരുടെ ഓൺ കോൾ സേവനം, ആയുർവേദ, ഹോമിയോ പ്രതിരോധ മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകൽ, കൗൺസിലിംഗ് , വാർഡുതല ജാഗ്രതാ സമിതിയുടെ ഏകോപനം, കോവിഡ് പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യൽ, മാസ് ടെസ്റ്റിംഗ് കാമ്പെയിൻ എന്നിവ കൺട്രോൾ റൂം (സി.സി. ആർ ) വഴി നടത്തുമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.

മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുതിന്റെ ഭാഗമായി നഗരത്തിലെ വഴിച്ചേരി (ഡാറാ മാർക്കറ്റ്), പുലയൻ വഴി എന്നിവിടങ്ങളിൽ സംരക്ഷണ സമിതികൾ രൂപീകരിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളിലെ തൊഴിലാളികളും , വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള കർശന നിർദ്ദേശം നൽകുന്നതിനുംതീരുമാനിച്ചു. മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കോവിഡ് പരിശോധനയും മേയ് രണ്ടിന് ശേഷം വാക്സിനേഷൻ ക്യാമ്പും നടത്തും നഗരസഭാ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രമേശ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു തോമസ്, കൗൺസിലർമാരായ ബി അജേഷ്, നസീർ പുന്നയ്ക്കൽ, ഹെൽത്ത് ഓഫീസർ കെ പി വർഗീസ് , ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് ഹർഷിദ്, സി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.