കുട്ടനാട് :പുഞ്ചകൃഷിയുടെ വിളവെടുപ്പ് പൂർത്തിയാകും മുമ്പേ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാനുള്ള ജില്ലാഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കർഷകർക്കിടയിൽ പ്രതിഷേധമുയരുന്നു. ഷട്ടർ തുറന്നാൽ വേലിയേറ്റത്തിൽ നൂറ് കണക്കിന് ഏക്കർ വരുന്ന കായൽ നിലങ്ങളിലും മറ്റു പാടശേഖരങ്ങളിലും മട വീഴുമെന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.
കാവാലം കൃഷി ഭവന് കീഴിലായി ആയിരം ഏക്കറിലേറെ വരുന്ന മംഗലം, മാണിക്യമംഗലം കായലുകൾക്ക് പുറമെ രാമങ്കരി, വെളിയനാട് കൃഷിഭവനുകൾക്ക് കീഴിലായി വരുന്ന നിരവധി പാടശേഖരങ്ങളിലും ഇനിയും കൊയ്ത്ത് ആരംഭിച്ചിട്ടില്ല. വരും ദിവസങ്ങളിലേ ഇവിടങ്ങളിൽ കൊയ്ത്ത് ആരംഭിക്കൂ. കൃഷി ഇറക്കാനുണ്ടായ കാലതാമസമാണ് ഇവിടങ്ങളിൽ ഇക്കുറി കൊയ്ത്ത് വൈകാൻ ഇടയാക്കിയത്. ഒരേക്കറിന് പതിനായിരക്കണക്കിന് രൂപയാണ് ഇതിനോടകം തന്നെ കർഷകർക്ക് ചിലവായിട്ടുള്ളത് കൊയ്ത്ത് ആരംഭിക്കാനിരിക്കെ ബണ്ട് തുറക്കുന്നത് കർഷകരുടെ അദ്ധ്വാനം മുഴുവൻ വെള്ളത്തിലാകുന്നതിനും വൻ നഷ്ടത്തിനും കാരണമാകും. ബണ്ട് തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നാണ് കർഷകരുടെ ആവശ്യം.