ചാരുംമൂട് : വ്യാപാരിയെ കടയിൽ കയറി മർദ്ദിക്കുകയും വനിതാ ജീവനക്കാരെ കടയ്ക്കുള്ളിലാക്കി ഷട്ടറിടുകയും ചെയ്തതായി പരാതി.ചാരുംമൂട് ടൗണിൽ എവൺ -ഫാൻസി നടത്തുന്ന ഓച്ചിറ മഠത്തിക്കാരായ്മ മുറി സഫയിൽ ഹസൻകുഞ്ഞിനാണ് (54)മർദ്ദനമേറ്റത്. സംഭവത്തിൽ താമരക്കുളം വേടരപ്ലാവ് ആര്യദർശിൽ വിജയകുമാറിനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു.
മൂക്കിന് ഗുരുതരമായി പരിക്കേറ്റ ഹസൻകുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വെകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഹസൻ കുഞ്ഞ് സമീപമുള്ള പള്ളിയിൽ നിന്നും നമസ്കാരം കഴിഞ്ഞ് എത്തിയപ്പോൾ വിജയകുമാർ കടയ്ക്കുള്ളിൽ വച്ച് മർദ്ദിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ മുക്കിന്റെ പാലത്തിന് പൊട്ടലേറ്റതിനാൽ നൂറനാട്ടെ സ്വകാര്യാശുപത്രിയിൽ ആദ്യം എത്തിച്ച ഹസൻകുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹസർ കുഞ്ഞിനെ മർദ്ദിച്ചശേഷം രണ്ടു വനിതാ ജീവനക്കാരെ കടയ്ക്കുള്ളിലാക്കി ഷട്ടർ ഇട്ടതായും പരാതിയുണ്ട്. വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ വിജയകുമാർ
ഇടക്കിടയ്ക്ക് കടയിലെത്തി വഴക്കുണ്ടാക്കുമായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു.
കച്ചവടം മോശമായതിനാൽ ഹസൻ കുഞ്ഞ് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ചാരുംമൂട്ടിൽ 30 വർഷത്തോളമായി വാടകക്കെട്ടിടത്തിൽ വ്യാപാരം നടത്തിവരികയാണ് ഹസൻ കുഞ്ഞ്. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജ്യ അപ്സര, യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.ഗിരീഷ് അമ്മ എന്നിവർ പ്രതിഷേധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11 വരെ ചാരുംമൂട്ടിൽ ഹർത്താൽ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.