s

ആലപ്പുഴ : അമ്പലപ്പുഴയിൽ പരാജയം ഉറപ്പായതുകൊണ്ടാണ് സി.പി.എം പ്രാദേശിക നേതാക്കൾ മന്ത്രി ജി. സുധാകരനെ കുറ്റപ്പെടുത്തുന്നതെന്ന് യു.ഡി. എഫ് സ്ഥാനാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ എം.ലിജു വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ തനിക്ക് ജി. സുധാകരന്റെ സഹായം ലഭിച്ചിട്ടില്ലെന്നും ലിജു വ്യക്തമാക്കി. ജനങ്ങളാണ് സഹായിച്ചത്. പരിചയസമ്പന്നരും വ്യക്തി ബന്ധങ്ങളുമുള്ള സുധാകരനെയും തോമസ് ഐസക്കിനെയും എൽണഡി.എഫ് മത്സരിപ്പിക്കാതിരുന്നത് യു.ഡി.എഫിന് നേട്ടമാകും. വ്യക്തിഹത്യ നടത്തി താൻ വോട്ടുപിടിക്കാറില്ലെന്നും ലിജു പറഞ്ഞു.

സുധാകരൻ സ്ത‌്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നായിരുന്നു ലിജുവിന്റെ നിലപാട്. അതോടെ സുധാകരൻ അമ്പലപ്പുഴയിൽ ലിജുവിനെ സഹായിച്ചുവെന്ന വിധത്തിൽ ചിലർ പ്രചാരണം നടത്തി.സി.പി.എമ്മിലെ വിഭാഗീയതയാണ് സുധാകരനെതിരെയുള്ള കടന്നാക്രമണത്തിന്റെ പിന്നിലെന്ന് ലിജു കൂടുതൽ വ്യക്തതയോടെ നിലപാടെടുത്തു. പത്രസമ്മേളനം ശ്രദ്ധിച്ചാൽ സ്ത്രീവിരുദ്ധ പ്രയോഗമോ ജാതിഅധിക്ഷേപമോ നടത്തിയിട്ടില്ലെന്നും ലിജു പറഞ്ഞു. ലിജുവിന്റെ പ്രസ്താവന മുൻനിറുത്തി പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ സുധാകരനെ ആരും വിമർശിച്ചിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറും വ്യക്തമാക്കി. അതേസമയം , പുന്നപ്ര സമരഭൂമിക്ക് സമീപം ജി. സുധാകരനെതിരെ ഇന്നലെ പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടു. അമ്പലപ്പുഴയിലെ സി.പി.എം സ്ഥാനാർത്ഥി എച്ച്. സലാമിന്റെ പ്രചാരണ ബോർഡിലായിരുന്നു പോസ്‌റ്റർ. പിന്നീട് പ്രവർത്തകർ ഇത് നീക്കം ചെയ്‌തു.