ആലപ്പുഴ : വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ ജില്ലയിൽ മെഗാ വാക്സിൻ ക്യാമ്പുകൾ ആരംഭിക്കുന്നത് ഇനിയും വൈകും.വാക്സിൻ ക്ഷാമം ഉണ്ടെങ്കിലും രണ്ടാം ഡോസ് മുടങ്ങില്ലെന്നാണ് അധികൃതർ പറയുന്നത്.
കൊവിഡ് പോസിറ്റീവ് കണക്കുകൾ ഉയരും തോറും വാക്സിനു വേണ്ടി എത്തുന്നവരുടെ എണ്ണവും കൂടുന്നു. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരാണ് ആശുപത്രികളിലേയ്ക്ക് വരുന്നതിലധികവും. നിലവിൽ 45 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. മേയ് ഒന്നു മുതൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകാമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വാക്സിനേഷനായി ഇന്നലെ കോവിൻ പോർട്ടലിൽ കയറി രജിസ്ട്രേഷൻ ചെയ്യാൻ നോക്കിയ പലർക്കും ഇത് സാധിച്ചില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. സൈറ്റിൽ കയറുമ്പോൾ വാക്സിൻ കേന്ദ്രങ്ങൾ നൽകാൻ കഴിയാത്തതാണ് കാരണം. തിങ്കളാഴ്ച മുതൽ പഴയ സ്ഥിതിയിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവർത്തകർ. 20000 ഡോസ് വാക്സിൻ ഡോസ് ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകർ.