ambala

അമ്പലപ്പുഴ : അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടി ജോലി നോക്കി തകഴി ഫയർ സ്റ്റേഷനിലെ 25 ജീവനക്കാർ. നിന്നു തിരിയാൻ പോലും ഇടമില്ലാത്ത, പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പ്രവർത്തിച്ച കെട്ടിടത്തിലാണ് ഫയർ സ്റ്റേഷന്റെ പ്രവർത്തനം.

2016 ഫെബ്രുവരി 28ന് ആണ് തകഴിയിൽ ഫയർഫോഴ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. തകഴി പാലം തുറന്നു കൊടുത്തതോടെ ബസുകൾക്ക് കയറിയിറങ്ങാൻ അസൗകര്യമായതാണ് പഴയ ബസ് സ്റ്റാൻഡ് കെട്ടിടം കെ.എസ്.ആർ.ടി.സി ഉപേക്ഷിച്ചത്. തുടർന്ന് തകഴി പഞ്ചായത്ത് ഈ സ്ഥലവും കെട്ടിടവും ഏറ്റെടുത്ത് ഫയർ സ്റ്റേഷനായി കൈമാറി. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഉയർത്തി ചെറിയൊരു ഹാളും രണ്ട് ചെറിയ മുറികളുമായി തിരിച്ചാണ് ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. പടുത വലിച്ച് കെട്ടി അതിന്റെ കീഴിലാണ് യൂണിറ്റിലെ 2 വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാതിരുന്നതിനെത്തുടർന്ന് ജീവനക്കാർ തന്നെ പണം പിരിച്ചെടുത്ത് കക്കൂസ് നിർമ്മിക്കുകയായിരുന്നു. കെട്ടിടത്തിൽ കുടിവെള്ളം കിട്ടാനുള്ള സൗകര്യം ഇനിയും ഒരുക്കിയിട്ടില്ല. 2018ലെ പ്രളയത്തിൽ തകഴി ഫയർ സ്റ്റേഷനും മുങ്ങിപ്പോയിരുന്നു.

വിലങ്ങുതടിയായി നടവഴി
ഗ്രാമ പഞ്ചായത്ത് ഫയർ ഫോഴ്സിന് സ്ഥലം എഴുതി നൽകിയെങ്കിലും അളന്നു തിട്ടപ്പെടുത്തി കൈമാറിയിട്ടില്ല. നാട്ടുകാർ ഉപയോഗിക്കുന്ന ഒരു ഇടവഴി ഈ സ്ഥലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതാണ് സ്ഥലം കൈമാറ്റത്തിന് തടസമാകുന്നത്. പ്രദേശവാസികളും, പഞ്ചായത്ത് അധികൃതരും റവന്യു അധികൃതരും പലവട്ടം ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായില്ല.

ഇടറോഡിന്റെ തർക്കം പരിഹരിച്ച് സ്ഥലം അളന്നു കിട്ടിയാൽ പി.ഡബ്ല്യു.ഡി മുഖേന പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിക്കും.ഇപ്പോൾ സൗകര്യങ്ങൾ തീരെ കുറവാണ്

- ഫയർ ഫോഴ്സ് അധികൃതർ .