ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ പത്തു ദിവസം മാത്രം ശേഷിക്കെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയാവുന്നു. ജില്ല കളക്ടറുടെയും അതത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.ഇത്തവണ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒന്നിലധികം ഹാളുകളിലായി ഓരോ റൗണ്ടും എണ്ണാനുള്ള സൗകര്യമൊരുക്കി ഫലം വേഗത്തിലാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രമം. എൻകോർ എന്ന കൗണ്ടിംഗ് മാനേജ്‌മെന്റ് സിസ്റ്റമാണ് ഉപയോഗിക്കുക. വോട്ടെണ്ണലിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ വരണാധികാരികളുടെ യോഗത്തിൽ കളക്ടടർ എ.അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളും
1.അരൂർ : ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ്. കോളേജിൽ ഒരുക്കുന്ന മൂന്നു ഹാളുകളിലായാണ് ഇ.വി.എമ്മുകളിലെ വോട്ട് എണ്ണുക. താത്കാലിക കെട്ടിടത്തിലാണ് പോസ്റ്റൽ ബാലറ്റും വി.വി.പാറ്റും എണ്ണുക. ആകെ 31 മേശകളിലായി 15 റൗണ്ടുകളുണ്ടാകും. ഇതിൽ 10 എണ്ണം പോസ്റ്റൽ ബാലറ്റ് എണ്ണാനായിരിക്കും.
2.ചേർത്തല : സെന്റ് മൈക്കിൾസ് കോളേജിലെ നാല് ഹാളുകളിൽ 35 മേശകളിലായി 16 റൗണ്ടുകളായി വോട്ടെണ്ണും. 14 എണ്ണം പോസ്റ്റൽ ബാലറ്റ് എണ്ണാനായിരിക്കും.
3.ആലപ്പുഴ : എസ്.ഡി.വി ജി.എച്ച്.എസിൽ സെന്റിനറി ഹാളിലും അനക്‌സിലുമായി നാല് ഹാളിലായി ആകെ 31 മേശകളിലായി 14 റൗണ്ടുകളാണ്. 10 ടേബിളുകൾ പോസ്റ്റൽ ബാലറ്റിനാണ്.
4.അമ്പലപ്പുഴ : സെന്റ് ജോസഫ്‌സ് സ്‌കൂൾ ഓഡിറ്റോറിയത്തിലെ നാല് ഹാളുകളിലാണ് വോട്ടെണ്ണൽ. 31 മേശകളിലായി 12 റൗണ്ടുകളുണ്ടാകും. 10 ടേബിളുകളിൽ പോസ്റ്റൽ ബാലറ്റ് എണ്ണും.
5.കുട്ടനാട് : ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്ന് ഹാളിലും താൽക്കാലികമായി കെട്ടിയുണ്ടാക്കുന്ന ഒരു ഹാളിലുമായാണ് വോട്ടെണ്ണുക. 31 മേശകളിലായി 12 റൗണ്ടു്ണടാകും. 10 ടേബിളുകളിൽ പോസ്റ്റൽ ബാലറ്റ് എണ്ണും.
6.ഹരിപ്പാട് : ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു ഹാളിലും മൂന്ന് താൽക്കാലികമായി ഹാളിലുമായി 34 മേശകളിലായി 15 റൗണ്ടുകളായാണ്ണ് വോട്ടെണ്ണൽ. 13 ടേബിളുകളിൽ പോസ്റ്റൽ ബാലറ്റ് എണ്ണും.
7.കായംകുളം : നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് ഓഡിറ്റോറിയത്തിൽ നാല് ഹാളുകളിലെ 31 മേശകളിലായി 15 റൗണ്ടുകളായാണ് വോട്ടെണ്ണുക. 10 ടേബിളുകൾ പോസ്റ്റൽ ബാലറ്റിനുണ്ടാകും.
8.മാവേലിക്കര : ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാല് ഹാളുകളിൽ 31 മേശകളിലായി 15 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കും.. 10 ടേബിളുകളിൽ പോസ്റ്റൽ ബാലറ്റ് എണ്ണും.
9.ചെങ്ങന്നൂർ : ക്രിസ്ത്യൻ കോളേജിലെ നാല് ഹാളുകളിൽ 31 മേശകളിലായി 16 റൗണ്ടുകളുണ്ടാകും. 10 ടേബിളുകളിൽ പോസ്റ്റൽ ബാലറ്റ് എണ്ണും.