ആലപ്പുഴ: മന്ത്രി ജി.സുധാകരനെതിരെ അപകീർത്തികരമായ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് പ്രാദേശിക നേതാവുമായ തോബിയാസിനെതിരെ സി.പി.എം പുന്നപ്ര ലോക്കൽ സെക്രട്ടറി ഡി.അശോക് കുമാർ പുന്നപ്ര പൊലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെ 8 മണിയോടെയാണ് കപ്പക്കട ജംഗ്ഷന് പടിഞ്ഞാറ് റെയിൽവേ ക്രോസിനു സമീപം, മുഖ്യമന്ത്രിയുടെ പടമുള്ള വലിയ ഫ്ളക്സിന്റെ മൂലയിൽ അശ്രദ്ധമായ നിലയിൽ പതിച്ച പോസ്റ്റർ കണ്ടെത്തിയത്. ഈ സമയം ഇവിടെയെത്തിയ തോബിയാസ് ഇത് മൊബൈൽ കാമറയിൽ ചിത്രീകരിക്കുന്നത് കണ്ടതായി സമീപവാസികൾ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി എ.ഓമനക്കുട്ടൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രകോപനമുണ്ടാക്കാൻ ക്രിമിനൽ സ്വഭാവമുള്ള ചിലർ ബോധപൂർവ്വവും നടത്തിയ ശ്രമമാണിത്. ഉന്നത രാഷ്ട്രീയ നേതാവിനെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു.