ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഊർജിതമാക്കി. 12 ബ്ളോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലും ആറ് നഗരസഭ പരിധികളിലും പ്രവർത്തനങ്ങൾ ശക്തമാണ്.

പഞ്ചായത്തുകളിൽ ഓൺലൈൻ മീറ്റിംഗുകൾ നടന്നു. ബോധവത്കരണത്തിനായി കവലകളിലും സ്ഥാപനങ്ങളിലും പോസ്റ്ററുകൾ പതിക്കൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളിൽ വാർഡുതല ജാഗ്രതാ സമിതി പുന:സംഘടിപ്പിച്ചു. പോസിറ്റീവ് ആയവരുടെ സമ്പർക്കത്തിൽ ഉള്ളവർ ക്വാറെന്റൈനിൽ പോവുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ ജാഗ്രതാ സമിതി അംഗങ്ങളെ ചുമതലപ്പെടുത്തി. ക്വാറന്റൈനിൽ ഉള്ളവർക്ക് സഹായം നൽകാനായി വാർഡുതല ഹെൽപ് ലൈൻ കേന്ദ്രം ആരംഭിക്കും. 45 വയസിന് മുകളിലുള്ള എല്ലാവരും വാക്സിൻ എടുത്തെന്ന് ഉറപ്പു വരുത്താനും വാക്‌സിൻ എടുക്കാത്തവരെ കണ്ടെത്താനുമായി കുടുംബശ്രീ പ്രവർത്തകരെ കൊണ്ട് സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിലും ആവശ്യമെങ്കിൽ സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കും.

 കൊവിഡ് സെന്റർ

തണ്ണീർമുക്കം പഞ്ചായത്തിൽ കൊവിഡ് സെന്റർ പ്രവർത്തനം ആരംഭിച്ചു. കരിക്കാട് പാരിഷ് ഹാളിൽ ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം പി.എസ്.ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള സുരേഷ് എന്നിവർ നിർവഹിച്ചു. 90 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.

 ഹെൽപ് ഡെസ്‌ക്


മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. ഞായറാഴ്ച പഞ്ചായത്തിൽ ഡ്രൈഡേ ആചരിക്കും. ഒരു വാർഡിന് പത്തുപേർ വോളണ്ടിയർമാർ എന്ന നിലയിൽ ഭവന സന്ദർശനം നടത്തും. ഫോൺ 9497759446, 7736854425, 0477-2258238

 കോൾ സെന്റർ

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ 'ഞങ്ങൾ സഹായിക്കും' എന്ന പേരിൽ കോൾ സെന്റർ പ്രവർത്തനമാരംഭിച്ചു. എസ്.എൻ കോളേജിലെ എൻ.എസ്.എസ് കേഡറ്റുകളുടെയും കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകരുടെയും സഹായത്തോടെയാണ് ഓൺലൈൻ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. മരുന്ന്, ഭക്ഷണം, വൈദ്യ സഹായം എന്നിവയും ലഭിക്കും. ഫോൺ 8281040894.