മാവേലിക്കര: നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ചേർന്ന അടിയന്തരയോഗത്തിൽ എല്ലാ വാർഡുകളിലും രോഗനിർണയ ക്യാമ്പ്, വാക്‌സിനേഷൻ സൗകര്യം എന്നിവ ഏർപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. രോഗവ്യാപനം തടയുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിൽ നഗരസഭയുടെ മേൽനോട്ടത്തിൽ പുന്നമൂട് മാർക്കറ്റ്, മാവേലിക്കര ഗവ.ടി.ടി.ഐ, മുനിസിപ്പൽ പാർക്ക്, ഗവ.യു.പി.എസ് കണ്ടിയൂർ എന്നിവിടങ്ങളിൽ കൊവിഡ് നിർണയ ക്യാമ്പുകൾ നടത്തിയിരുന്നു.
വാർഡുതല ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശം യോഗത്തിൽ നൽകി. നഗരസഭാ പരിധിയിലുള്ള ബസ് സ്റ്റാന്റുകൾ ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളും ഓഫീസുകളും നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ അണുവിമുക്തമാക്കുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര അറിയിച്ചു. മാർക്കറ്റുകളിൽ എത്തുന്ന അന്യസംസ്ഥാന വാഹനങ്ങളിലെയും ചരക്ക് ലോറികളിലെയും ഡ്രൈവർമാർ, തൊഴിലാളികൾ എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അതാത് സ്ഥാപന ഉടമകൾ ഉറപ്പുവരുത്തണമെന്ന് നഗരസഭാ വൈസ് ചെയർമാൻ ലളിതാ രവീന്ദ്രനാഥ് അറിയിച്ചു. പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭാ ഓഫീസിൽ പൊതുജനങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ചിട്ടുണ്ട്. മുനിസിപ്പൽ സെക്രട്ടറി മുംതാസ്.എ.എം, വകുപ്പു മേധാവികൾ, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.