ചേർത്തല : വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേ​റ്റ് മരിച്ച കേസിൽ ഒരാളെ കൂടി പൊലീസ് അറസ്​റ്റ് ചെയ്തു. അരൂക്കു​റ്റി നദുവത്ത് നഗർ വടക്കേ ഓഞ്ഞാളിൽ മുഹമ്മദ് അജ്മൽ (30) ആണ് പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു അറസ്​റ്റ്. കേസിലെ 31-ാം പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 23 ആയി. കഴിഞ്ഞ ഫെബ്രുവരി 24 ന് രാത്രി വയലാർ നാഗംകുളങ്ങര കവലയിൽ എസ്.ഡി.പി.ഐ ആക്രമണത്തിൽ നന്ദു കൃഷ്ണ വെട്ടേ​റ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കെ.എസ്.നന്ദുവിനും പരിക്കേ​റ്റിരുന്നു.