ചേർത്തല:പത്താംഉദയ ദിനമായ ഇന്ന് കഞ്ഞിക്കുഴിയിലെ കരപ്പാടശേഖരങ്ങളിൽ നെൽകൃഷിക്ക് തുടക്കമാകും. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പാടശേഖര സമിതികൾക്ക് നൽകുന്ന സൗജന്യ നെൽ വിത്ത് വിതരണോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ നിർവഹിച്ചു. പരമ്പരാഗത നെൽ വിത്തിനമായ വിരിപ്പുമുണ്ടകൻ കഞ്ഞിക്കുഴിയിലെ കർഷകരിൽ നിന്ന് പഞ്ചായത്ത് കൃഷി ഭവൻ മുഖേനനേരിട്ട് സംഭരിച്ചിരുന്നു. കിലോയ്ക്ക് അമ്പതു രൂപ നിരക്കിലാണ് സംഭരണം. സർക്കാർ നിശ്ചയിച്ച താങ്ങുവിലയുടെ ഇരട്ടി വിലയാണിത്. പഞ്ചായത്തിലെ എല്ലാ പാടശേഖരങ്ങളിലും കൃഷി നടത്തുന്നതിനായി പാടശേഖര സമിതി ഭാരവാഹികളുടെ യോഗം ചേർന്നാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഓരോ നിലം ഉടമയ്ക്കും ആവശ്യമായ വിത്തുകൾ പാടശേഖര സമിതി വഴി പൂർണ്ണമായും സൗജന്യമായാണ് പഞ്ചായത്ത് നൽകുന്നതെന്ന് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് എം. സന്തോഷ്‌കുമാറും പറഞ്ഞു. അടിവളമായി ചേർക്കേണ്ട നീറ്റുകക്കയും നൽകും. ഒരേക്കറിന് 40 കിലോ വിരിപ്പും 10 കിലോ മുണ്ടകനുമാണ് നൽകുക. വിത്തു വാങ്ങി നൽകുന്നതിനു പുറമേ കർഷകർക്ക് കൂലി ചിലവ് സബ്‌സിഡിയും പഞ്ചായത്ത് നൽകും. മുന്നൂറ്റ് ഏക്കറിലാണ് ഇത്തവണ നെൽകൃഷി ഇറക്കുക. ഇതിനായി 15 ലക്ഷത്തോളം രൂപ വക കൊള്ളിച്ചിട്ടുണ്ട്.