ചെട്ടികുളങ്ങര: ചെട്ടികുളങ്ങര പഞ്ചായത്ത്‌ പരിധിയിൽ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുറക്കണമെന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിരോധ വാക്സിന്റെ ലഭ്യതക്കുറവ് എത്രയും വേഗം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഹാമാരിയുടെ വ്യാപനം ശക്തമായിട്ടും പഞ്ചായത്ത്‌ ഭരണസമിതി പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കുന്നത് തുടർന്നാൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം അറിയിച്ചു. നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കള്ളിൽ, ജോൺ.കെ.മാത്യു, അലക്സ്‌ മാത്യു, ഗീത ഗോപാലകൃഷ്ണൻ, ഡി.സി.സി മെമ്പർ ജി.മോഹൻദാസ്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്‌ അംഗം സോമവല്ലി സാഗർ എന്നിവർ സംസാരിച്ചു.