ആലപ്പുഴ : കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും മറ്റുള്ളവർക്കും വൈദ്യസഹായം തേടുന്നതിനായി ആലപ്പുഴ നഗരസഭ വിദഗ്ദ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി ടെലി മെഡിസിൻ യൂണിറ്റ് സജ്ജമാക്കി. നഗരസഭയുടെ കൊവിഡ് കൺട്രോൾ റൂമിന് കീഴിലാണ് ടെലി മെഡിസിൻ യൂണിറ്റ് പ്രവർത്തിക്കുക.ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറും ശ്വാസകോശ രോഗ വിദഗ്ദ്ധനുമായ ഡോ.വേണുഗോപാൽ, വണ്ടാനം മെഡിക്കൽ കോളേജ് അസി. സൂപ്രണ്ട് ഡോ.അബ്ദുൾ സലാം, ഇ.എൻ.ടി വിഭാഗം ഡോക്ടർ ഷെറിൻ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പത്തോളം ഡോക്ടർമാരുടെ സൗജന്യ സേവനം ലഭ്യമാവുമെന്ന് നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ O477 2251792 എന്ന നമ്പരിലും മറ്റ് സമയങ്ങളിൽ അടിയന്തര സാഹചര്യമുണ്ടായാൽ 9020996060, 9745 202363 എന്ന നമ്പരുകളിലും വിളിക്കാം. മരുന്ന് ആരോഗ്യ വോളണ്ടിയർമാർ, ആശാ പ്രവർത്തകർ എന്നിവർ മുഖേന എത്തിച്ചു നൽകും .