a
ഡാഫർ വളർത്തിയിരുന്ന തെരുവ് നായയായ റാംബോ ഡാഫർ അന്തിയുറങ്ങിയ ഹാളിന്റെ മതിൽക്കെട്ടിന് പുറത്ത് കാത്തിരിക്കുന്നു

മാവേലിക്കര: തെരുവിന്റെ മകൻ ഡാഫർ യാത്രയായത് അറിയാതെ റാംബോ കാത്തിരിക്കുകയാണ്, വായിൽ വച്ചു തരുന്ന ഭക്ഷണത്തിനായി. കഴിഞ്ഞ ദിവസം മരിച്ച ഡാഫറിന്റെ ഓമനയായ തെരുവുനായ റാംബോയാണ് യജമാനന്റെ വിയോഗം അറിയാതെ കാത്തിരിക്കുന്നത്. തെരുവ് നായ്ക്കളെ സംരക്ഷിച്ചിരുന്ന ഡാഫറിന്റെ ഒപ്പം അവസാനം വരെ ഉണ്ടായിരുന്ന റാംബോയ്ക്ക് ആ പേര് നൽകിയതും ഡാഫർ തന്നെ.

രണ്ട് വർഷം മുമ്പുവരെ ഡാഫറിനൊപ്പം കുറഞ്ഞത് 10 തെരുവുനായ്ക്കളെങ്കിലും ഉണ്ടായിരുന്നു. ഡാഫർ എവിടെ പോയാലും മുന്നിലും പിന്നിലുമായി അവർ ഒപ്പം കൂടും. ഓരോ നായയ്ക്കും ഡാഫർ ഓരോ പേരുകളും നൽകിയിരുന്നു. പേര് ചൊല്ലി വിളിച്ചാണ് ഇവയ്ക്ക് ഭക്ഷണം കൊടുത്തിരുന്നത്. ഓരോ നായയേയും പേര് വിളിച്ച് അതിന്റെ വായിൽ ഭക്ഷണം വച്ചുകൊടുക്കുനന്നത് എല്ലാവർക്കും കൗതുക കാഴ്ചയായി​രുന്നു. തമിഴ്നാട്ടിൽ നിന്ന് ചെറുപ്പത്തിലെത്തി ലോഡ്ജിൽ റൂം ബോയിയായി ജോലി ചെയ്ത് ഒടുവിൽ പ്രായമായപ്പോൾ പുതിയകാവിൽ തെരുവിലുറങ്ങിയിരുന്ന ഡാഫർ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

വാടകവീടൊഴിയുമ്പോൾ ഉടമസ്ഥർ തെരുവിലേക്ക് ഇറക്കിവിടുന്ന നായ്ക്കളാണ് തന്നോടൊപ്പമുള്ളതെന്ന് ഡാഫർ പറയുമായിരുന്നു.
അവസാന നാളുകളിൽ റാംബോ അമാത്രമേ ഡാഫറിനൊപ്പമുണ്ടായി​രുന്നു. ഡാഫർ അന്തിയുറങ്ങിയ ഹാളിന്റെ മതിൽക്കെട്ടിന് പുറത്ത് രാത്രിയാകുമ്പോൾ റാംബോ എത്തും. ഭക്ഷണപ്പൊതിയുമായി ഡാഫർ വരുമെന്ന പ്രതീക്ഷയിൽ. ഗേറ്റിന് പുറത്ത് കാത്തിരിക്കുന്ന റാംബോ പുതിയകാവ് നിവാസികൾക്ക് ഇപ്പോൾ മനസ് നീറുന്ന കാഴ്ചയാണ്.