കൊച്ചി: ലൈസൻസോ അനുമതിയോ ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും പിടിച്ചെടുക്കുന്ന ഹൗസ് ബോട്ടുകൾ സൂക്ഷിക്കാൻ കഴിയുന്ന യാർഡ് ആറുമാസത്തിനകം തയ്യാറാക്കണമെന്നും കേരള മാരിടൈം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. പുന്നമട കായലിലും വേമ്പനാട് കായലിലും അനധികൃതമായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലെ ആൾ കേരള ഹൗസ് ബോട്ട് ഒാണേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ നിർദ്ദേശം. ലൈസൻസില്ലാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ കർമ്മസേനയ്ക്ക് രൂപം നൽകുമെന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേരള മാരിടൈം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. മാരിടൈം ബോർഡ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളിൽ തൃപ്തി രേഖപ്പെടുത്തിയ സിംഗിൾബെഞ്ച് ഇവ എത്രയും വേഗം നടപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേരള മാരിടൈം ബോർഡ് നടത്തിയ പരിശോധനയിൽ 66 ബോട്ടുകൾക്ക് മതിയായ രേഖകളില്ലെന്നും 54 ബോട്ടുകൾക്ക് രജിസ്ട്രേഷനില്ലെന്നും കണ്ടെത്തിയതായി വിശദീകരണ പത്രികയിൽ വ്യക്തമാക്കിയിരുന്നു.

മാരിടൈം ബോർഡിന്റെ നിർദ്ദേശങ്ങൾ

രജിസ്ട്രേഷനില്ലാത്ത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ കർമ്മസേനയുണ്ടാക്കും

പിടിച്ചെടുത്തവയിൽ യോഗ്യതയുള്ള ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകാൻ നടപടിയെടുക്കും.

മൂന്നു മാസത്തിനകം ഹൗസ് ബോട്ടുകൾക്ക് ഒാൺലൈൻ ജി.പി.എസ് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തും.

അംഗീകാരവും ലൈസൻസുമുള്ള ഹൗസ് ബോട്ടുകൾക്ക് പ്രത്യേക നിറവും ബാർകോഡുള്ള നമ്പർപ്ളേറ്റും നൽകും

പിടികൂടുന്ന ബോട്ടുകൾ സൂക്ഷിക്കാൻ യാർഡ് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തി

ഇവിടെ സി.സി.ടി.വിക്യാമറ, ബോട്ടുജെട്ടി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും

ഖരമാലിന്യ സംസ്കരണത്തിന് വേണ്ടത്ര സൗകര്യമൊരുക്കും