a

മാവേലിക്കര: മാവേലിക്കരയെ സിനിമ കാണിച്ച എം.കെ.വി തീയറ്റർ ഉടമ രാജു ഓർമ്മയായി. എഴുപതുകളുടെ തുടക്കത്തിലാണ് മാവേലിക്കര പുതിയകാവ് പള്ളി ജംഗ്ഷന് തെക്കു ഭാഗത്തായി എം.കെ. വർഗ്ഗീസ് എന്ന രാജുച്ചായൻ എം.കെ.വി തിയേറ്റർ ആരംഭിച്ചത്. എക്കാലത്തെയും അഭിനയ സമ്രാട്ടുകളായ പ്രേംനസീറും കെ.പി. ഉമ്മറും അടൂർ ഭാസിയും ചേർന്നായിരുന്നു ഉദ്ഘാടനം.
അന്നുവരെ പുതിയകാവ് കാണാത്തത്ര ജനപ്രവാഹമായിരുന്നു ഉദ്ഘാടന വേദിയിലേക്ക്. പുതിയകാവ് ജംഗ്ഷൻ മുതൽ എം.കെ.വി തിയേറ്റർ വരെയുള്ള റോഡിൽ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്തത്ര തിരക്ക്. ഇന്നത്തെ എ.സി തിയേറ്ററുകളേക്കാൾ സുഖമുള്ളതായിരുന്നു അന്നത്തെ ഓലമേഞ്ഞ തിയേറ്റർ. വ്യക്തമായ ശബ്ദം, ഒരു ഫർലോംഗ് ദൂരത്തിലുള്ള വീടുകളിൽ വരെയെത്തും ആ 'ഡിജിറ്റൽ' ശബ്ദം! പടം തുടങ്ങുന്നതിന് മുമ്പ് പുറത്തുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാൻ റെക്കാർഡ് ഇടും. ആദ്യ പാട്ട് 'ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ' എന്നതാണ് ദിവസവും.
മൂന്ന് പതിറ്റണ്ടുകൾക്കിപ്പുറം 2000 കാലഘട്ടത്തിൽ പുതിയ സിനിമ തരംഗത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ തിയേറ്ററിനു കർട്ടൻ വീണപ്പോൾ ബാക്കിവച്ചത് ഒരുപിടി ഓർമ്മകൾ. വർഷങ്ങൾക്ക് ശേഷം കെട്ടിടവും നാമാവിശേഷമായി. എം.കെ.വിയുടെ പ്രതാപ കാലത്ത് പുതിയകാവിന്റെ ആളനക്കം ദിവസവും തിയേറ്റർ വിട്ടു പുറത്തുവരുന്ന സിനിമാപ്രേമികളുടേതായിരുന്നു. മാവേലിക്കരയിലെ വലിയ ധനിക കുടുംബത്തിലെ ആളായിരുന്നെങ്കിലും വളരെ എളിമയാേടെ ജീവിച്ച വ്യക്തിയായിരുന്നു എം.കെ. വർഗ്ഗീസ്. മുണ്ടും ഷർട്ടുമായിരുന്നു വേഷം. പ്രവർത്തനത്തിൽ സജീവമല്ലായിരുന്നെങ്കിലും തികഞ്ഞ ഒരു കോൺഗ്രസുകാരനായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയക്കാരോടും ബഹുമാനം പുലർത്തിയിരുന്നു. ഒടുവിൽ ഓർമ്മകളുടെ വെള്ളിത്തിരയിലേക്കു മടങ്ങി എം.കെ.വിയും രാജുച്ചായനും.