tv-r

അരൂർ : പി​ടി​കൂടുന്ന പ്രതി​കളെ മേശയിൽ കെട്ടിയിടുന്നൊരു പൊലീസ് സ്റ്റേഷൻ. ഇതു ശരിയോ എന്നു സംശയിക്കാം. എന്നാൽ, അരൂർ പൊലീസ് സ്റ്റേഷനിൽ കുഴപ്പക്കാരായ പ്രതികളെ സൂക്ഷിക്കാൻ ഈ ഒരൊറ്റ മാർഗമേയുള്ളൂ. ലോക്കപ്പില്ലാത്തതാണ് കാരണം. മാത്രമല്ല, തൊണ്ടി സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല.മെട്രോനഗരമായ കൊച്ചിയോട് വളരെയടുത്തുള്ള അരൂർ സ്റ്റേഷൻ ജി​ല്ലയി​ൽ ഏറ്റവും കൂടുതൽ കേസുകൾ ചാർജ് ചെയ്യപ്പെടുന്ന സ്റ്റേഷനുകളി​ലൊന്നുമാണ്.

കൊച്ചിയിൽ നിന്നു കുടിയേറുന്ന ക്രിമിനൽ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയയുടെയും പ്രധാനതാവളമാണ് അരൂരും പരിസര പ്രദേശങ്ങളും . ദേശീയപാതയിലെ ബ്ലാക്ക് സ്പോട്ടുകൾ ഉൾപ്പെടുന്ന അരൂരിൽ വാഹനാപകടങ്ങളും പതി​വ്. 1983 ഒക്ടോബർ രണ്ടിന് നിലവിൽ വന്ന സ്റ്റേഷൻ 37 വർഷം പിന്നിടുമ്പോഴും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സി.ഐ, എസ്.ഐ എന്നിവരടക്കം 31 ഉദ്യോഗസ്ഥരാണ് നിലവിൽ ഇവിടെയുള്ളത്. 6 വനിതാ പൊലീസുകാരുമുൾപ്പെടും.

അരൂർ - ഇടക്കൊച്ചി പാലത്തിനരികിൽ കൈതപ്പുഴ കായലോരത്താണ് സ്റ്റേഷൻ ആദ്യം പ്രവർത്തിച്ചിരുന്നത്. പിന്നീട്, കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടർന്ന് ഇവിടെ നിന്ന് ചന്തിരൂരിലേക്ക് മാറ്റി . ദേശീയപാതയോരത്ത് ചന്തിരൂർ സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിൽ മാസവാടകയിലാണ് വർഷങ്ങളായി സ്റ്റേഷന്റെ പ്രവർത്തനം. അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ പൊതുകുളമായ എരിയകുളം നികത്തി അവിടെ പൊലീസ് സ്റ്റേഷനായി കെട്ടിടം നിർമ്മിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, തണ്ണീർത്തട നിയമലംഘനത്തിനെതിരെ പൊതുപ്രവർത്തകർ നൽകിയ ഹർജിയെത്തുടർന്ന് എരിയകുളം നികത്താനുള്ള ശ്രമം ഹൈക്കോടതി തടഞ്ഞു.

പരാധീനതകൾ

1 പഴക്കമേറിയ ഇടുങ്ങിയ കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം

2.ഒരു മുറിയിൽ ഓഫീസ്. സി.ഐയ്ക്കും എസ്.ഐയ്ക്കും ഓരോ ചെറിയ മുറി

3.ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക്നിന്നുതിരിയാൻ ഇടമില്ല

3 പരാതിക്കാർ വെയിലേറ്റ് പുറത്ത് നിൽക്കണം. ഇരിക്കാനിടമില്ല

4.വനിതാ പൊലീസുകാർക്ക് ഡ്രസ് മാറാൻ പോലും സുരക്ഷിത റൂമില്ല.

5.പ്രതികളെ ചോദ്യം ചെയ്യുന്നതിന് പ്രത്യേക മുറിയില്ല

6.നല്ലൊരു ശൗചാലയം പോലുമില്ല

ഫണ്ട് ലാപ്സായി

2018-ൽ കെട്ടിടനിർമ്മാണത്തിനായി പൊലീസ് വകുപ്പ് പ്ലാൻ ഫണ്ടിലുൾപ്പെടുത്തി 1.10 കോടി രൂപയും അന്നത്തെ എം.എൽ.എ എ.എം.ആരിഫ് പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ, പഞ്ചായത്തിന്റെ അധീനതയിലുള്ള എരിയകുളം നികത്തി സ്റ്റേഷൻ നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം അരങ്ങേറി. കുളം നികത്തുന്നത് ഹൈക്കോടതി തടഞ്ഞതോടെ ലഭ്യമായ ഫണ്ടും ലാപ്സായി. പദ്ധതിയും ഉപേക്ഷിച്ചു

31 : അരൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ