അമ്പലപ്പുഴ: രൂപ മാറ്റം വരുത്തി അന്തരീക്ഷ, ശബ്ദ മലിനീകരണമുണ്ടാക്കിയ കാർ മോട്ടോർ വാഹനവകുപ്പ് അധികൃതർ പിടിച്ചെടുത്തു. അമ്പലപ്പുഴ സ്വദേശിയായ അജേഷിന്റെ ഫോക്സ് വാഗൺ കാറാണ് ആർ.ടി ഒ പി.ആർ.സുരേഷിന്റെ നിർദേശ പ്രകാരം പിടികൂടിയത്.
കാറിന്റെ സൈലൻസർ മാറ്റിയ ശേഷം മറ്റൊരു കമ്പനിയുടെ സൈലൻസർ ഘടിപ്പിച്ചതോടെ വലിയ ശബ്ദമാണ് പുറപ്പെടുവിച്ചത്. കൂടാതെ കാറിന്റെ ടയറുകളുടെ വീൽ ബെയ്സ് ഇളക്കി മാറ്റി പകരം മറ്റൊരെണ്ണം ഘടിപ്പിച്ച് വാഹനത്തിന് രൂപ മാറ്റം വരുത്തി.നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് ഇന്നലെ ഉദ്യോഗസ്ഥർ യുവാവിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് അന്തരീക്ഷ മലിനീകരണത്തിന് കാരണമായ രീതിയിൽ അമിതമായി പുക പുറത്തേക്ക് തള്ളുന്നുണ്ടെന്നും കണ്ടെത്തി. പുക പരിശോധനാ സർട്ടിഫിക്കറ്റും ഇല്ലായിരുന്നു. ഗ്ലാസുകളിൽ കറുത്ത സ്റ്റിക്കറും ഒട്ടിച്ചിരുന്നു. 18,500 രൂപ യുവാവിൽ നിന്ന് പിഴയീടാക്കിയതായി മോട്ടേർ വാഹന വകുപ്പ് അറിയിച്ചു.10 ദിവസത്തിനുള്ളിൽ വാഹനം പഴയ രീതിയിലാക്കണമെന്നും ഇല്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.വാഹനം വർക്ക് ഷോപ്പിലേക്ക് മാറ്റി.അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശരൺ കുമാർ, അനു.കെ.ചന്ദ്രൻ, മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.