s

ആലപ്പുഴ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ശ്രദ്ധേയമാകുന്നു. പഞ്ചായത്ത്,നഗരസഭ തലങ്ങളിലാണ് ഇവരുടെ സേവനം. വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത 45 വയസിനു മുകളിൽ പ്രായമായ ആളുകൾക്ക് ഓൺലൈൻ രജിസ്ട്രേഷനു വേണ്ടിയുള്ള സഹായം നൽകൽ, കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് അവശ്യ സാധനം എത്തിച്ചു നൽകൽ, അനൗൺസ്‌മെന്റ് തുടങ്ങി വിവിധ പ്രവർത്തനങ്ങളുമായി സജീവമാണ് സന്നദ്ധ പ്രവർത്തകരുടെ സംഘം.

ഹരിപ്പാട് ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ റാപിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾക്ക് പുറമെ 'സ്റ്റാർ' എന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയും പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ട്.

അരൂർ ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലും ഏഴു പേർ അടങ്ങുന്ന സന്നദ്ധ സേനാംഗങ്ങളാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിൽ 15 പേരടങ്ങുന്ന സംഘങ്ങളും വയലാർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിൽ ആറ് പേരടങ്ങുന്ന സംഘങ്ങളായുമാണ് ഇവരുടെ പ്രവർത്തനം.

പെരുമ്പളം ഗ്രാമപഞ്ചായത്തിലെ 13 വാർഡുകൾ കേന്ദ്രീകരിച്ച് 30 സന്നദ്ധസേനാംഗങ്ങളുണ്ട്.

വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടി വിവിധ ടെസ്റ്റ് ഡ്രൈവുകൾ നടത്തുന്നതിലും ഇവർ പങ്കാളികളാണ്. നോട്ടീസ് വിതരണം, മാർക്കറ്റുകളിൽ അനൗൺസ്‌മെന്റുകൾ, സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ നേത്രത്വത്തിൽ കോർണർ യോഗങ്ങൾ എന്നിവയും നടത്തുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ സന്നദ്ധ പ്രവർത്തകരുടെ എണ്ണം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തുകൾ.

സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ

കൊവിഡ് പോസിറ്റീവായ വ്യക്തികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ

 മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുടെ വിവരശേഖരണം

ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിക്കുക

 കോവിഡ് രോഗികൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കുക

വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവരെ സഹായിക്കുക