ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് രണ്ടിന് രാവിലെ എട്ടു മുതൽ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒമ്പത് നിയോജക മണ്ഡലങ്ങളുടെയും വരണാധികാരികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന്കളക്ടർ എ.അലക്‌സാണ്ടർ പറഞ്ഞു. വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുള്ള എൻകോർ എന്ന ആപ്ലിക്കേഷന്റെ പരിശീലന പരിപാടികൾ നടന്നുവരുന്നു. കൗണ്ടിംഗ് മാനേജ്‌മെന്റ് സിസ്റ്റമാണ് എൻകോർ.

പോസ്‌റ്റൽ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണൽ ആരംഭിക്കുക. നിയമസഭാ മണ്ഡലങ്ങളിൽ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെ പൂർണ നിയന്ത്രണത്തിലായിരിക്കും വോട്ടെണ്ണൽ. സർവീസ് വോട്ടർമാരുടെ ഇലക്ട്രോണിക്കലീ ട്രാൻസ് മീറ്റഡ് പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

7646 ഇ .ടി .പി. ബി ആണ് ഉള്ളത്. ആദ്യ ഘട്ടമായി ഇ .ടി .പി. ബികൾ സ്‌കാൻ ചെയ്ത് മൂന്നുഘട്ട വാലിഡേഷൻ പൂർത്തിയാക്കിയ ശേഷമായിരിക്കും ഇവ വോട്ടെണ്ണൽ ടേബിളിലേക്ക് നൽകുന്നത്. മൂന്നുഘട്ട ക്യു .ആർ കോഡ് വേരിഫിക്കേഷൻ ആണ് നടക്കുക. ഇതോടൊപ്പംതന്നെ മാനുവലായി പരിശോധനയും ഉണ്ടാവും. ക്യു ആർ കോഡ് പരിശോധനയ്ക്കിടയിൽ ഏതെങ്കിലും സമ്മതിദായകൻ ഒന്നിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയാൽ അയാളുടെ എല്ലാ വോട്ടും തള്ളും. 300 ഇ.ടി.പി.ബിയ്ക്ക് ഒരു സ്‌കാനർ എന്ന നിലയിലാണ് സംവിധാനങ്ങൾ ഒരുക്കുന്നത്.

ജില്ലയിലെ വരണാധികാരികൾക്കായി എൻകോറിന്റെ പരിശീലനം കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിലും നടന്നു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജെ.മോബി, എൻ.ഐ.സിയുടെ ഡിസ്ട്രിക്ട് ഇൻഫർമാറ്റിക് ഓഫീസർ അജി ജേക്കബ് കുര്യൻ, അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഫർമാറ്റിക് ഓഫീസർ കെ.കെ.മോഹനൻ, ജില്ല ഐ.ടി കോ-ഓഡിനേറ്റർ എസ്.വേലായുധൻപിള്ള എന്നിവർ ക്ലാസിന് നേതൃത്വം നൽകി.