ആലപ്പുഴ : കടുത്ത നിയന്ത്രണങ്ങൾക്ക് പിന്നാലെ ലോക്ക് ഡൗണും വരുമോയെന്ന ഭീതിയിൽ, ജില്ലയിൽ ജോലി നോക്കി വന്ന അന്യ സംസ്ഥാന തൊഴിലാളികളിൽ പലരും നാട്ടിലേക്ക് മടങ്ങിയതിനെത്തുടർന്ന് നിർമ്മാണ മേഖലയിലുൾപ്പെടെ പ്രതിസന്ധി ഉടലെടുത്തു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് ട്രെയിൻ,റോഡ് മാർഗം അവരവരുടെ നാടുകളിലേക്ക് മടങ്ങിയത്.
നിർമ്മാണ മേഖലയിലും, ഹോട്ടൽ മേഖലയിലുമാണ് പ്രധാനമായും അന്യ സംസ്ഥാന തൊഴിലാളികൾ തൊഴിലെടുക്കുന്നത്. ബ്യൂട്ടി പാലർ,മസാജ് സെന്ററുകൾ എന്നിവിടങ്ങളിലും ഇവർ ജോലി ചെയ്യുന്നുണ്ട്. ഹോട്ടലുകളിൽ
ഷവർമ,ചൈനീസ് വിഭവങ്ങൾ എന്നിവ ഉണ്ടാക്കാൻ അന്യസംസ്ഥാന തൊഴിലാളികളെയാണ് കൂടുതലും ആശ്രയിക്കുന്നത്.
കഴിഞ്ഞ തവണ ലോക്ക് ഡൗണുണ്ടായപ്പോൾ അന്യസംസ്ഥാന തൊഴിലാളികളിൽ 90 ശതമാനം പേരും ഇവിടെ കുടുങ്ങിപ്പോയിരുന്നു. ഒടുവിൽ ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ സ്പെഷ്യൽ ട്രെയിനുകളിലാണ് ഇവർ നാട്ടിലേയ്ക്കു മടങ്ങിയത്. ഇതിൽ പലരും ഇനിയും തിരിച്ചെത്തിയിട്ടില്ല. വിവിധ മേഖലകളിൽ തൊഴിൽ കുറഞ്ഞതും, കൊവിഡ് ഭീതി നാൾക്കുനാൾ വർദ്ധിക്കുന്നതുമാണ് അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലേയ്ക്കു മടങ്ങാൻ പ്രേരിപ്പിക്കുന്നത്.
നാട്ടുകാരെ കിട്ടാനില്ല
നിർമ്മാണ മേഖലയിൽ കരാറുകാരാണ് അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കായി നിറുത്തുന്നത്. നാട്ടിലെ തൊഴിലാളികളേക്കാൾ കൂലി കുറവാണെന്നതും ജോലിയെടുക്കാൻ മടിയില്ലെന്നതുമാണ് അന്യ സംസ്ഥാന തൊഴിലാളികൾക്ക് അനുകൂല ഘടകങ്ങളാകുന്നത്. ഹോട്ടൽ മേഖലയിൽ പാത്രം കഴുകാനും ക്ലീനിംഗിനും നാട്ടിലെ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാൽ അന്യ സംസ്ഥാന തൊഴിലാളികളാണ് ആശ്രയം. എന്നാൽ, ഇവരിൽ പലർക്കും ഹെൽത്ത് കാർഡ് ഉൾപ്പടെയുള്ള പരിരക്ഷ നൽകാതെയാണ് ഉടമകൾ ജോലിക്ക് നിറുത്തിയിരിക്കുന്നത്.
,, ഹോട്ടലിൽ ജോലിചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിപ്പോയി തുടങ്ങി. ലോക്ക് ഡൗൺ ആശങ്കയാണ് കാരണം. കഴിഞ്ഞ തവണ ഇവിടെ കുടുങ്ങിയവർക്ക് ഭക്ഷ്യസാധനങ്ങൾ ഉൾപ്പടെ കൃത്യമായി എത്തിച്ചിരുന്നു. നാട്ടുകാരെ ഹോട്ടൽ ജോലികൾക്ക് കിട്ടാൻ ബുദ്ധിമുട്ടാണ്. വരുന്നവരാകട്ടെ രണ്ട് ദിവസം കഴിഞ്ഞ് ജോലി ഉപേക്ഷിച്ച് പോകുമെന്നതാണ് അവസ്ഥ
(നഗരത്തിലെ ഹോട്ടൽ ഉടമ )
തൊഴിലാളികളുടെ വിവരശേഖരണം
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തൊഴിൽ വകുപ്പ് ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി. തൊഴിലാളികൾക്ക് നേരിട്ടോ തൊഴിലുടമ, താമസിക്കുന്ന കെട്ടിട ഉടമ എന്നിവർ വഴിയോ വിവരങ്ങൾ നൽകാം. പേര്, സ്വദേശം, ജില്ല, സംസ്ഥാനം, ആധാർ നമ്പർ, താമസിക്കുന്ന സ്ഥലം, ജോലി ചെയ്യുന്ന സ്ഥലം, മൊബൈൽ നമ്പർ, വാട്സ്ആപ്പ് നമ്പർ, വാക്സിനേഷൻ എടുത്തിട്ടുണ്ടോ, കേരളത്തിലേക്ക് വന്ന തീയതി എന്നീ വിവരങ്ങളാണ് നൽകേണ്ടത്. തൊഴിലാളികൾക്ക് പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്ന വേളയിൽ ജില്ലാ ലേബർ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ലേബർ ഓഫീസർ എം.എസ്. വേണുഗോപാൽ അറിയിച്ചു. ഫോൺ 0477 2253515.