ശീതളപാനീയ വിപണിക്ക് വീണ്ടും തകർച്ച

ആലപ്പുഴ: ഒന്നു പച്ചപി​ടി​ച്ചുവന്ന ശീതളപാനീയ വിപണി കൊവി​ഡ് സുനാമി​യി​ൽ വീണ്ടും തകർന്നു. കുലുക്കി സർബത്ത്, ഫുൾജാർ സോഡ,കുടം മോര്,പൊട്ടുവെള്ളരി ജ്യൂസ് തുടങ്ങി​യവ ഒന്നും നി​രത്തുകളി​ൽ നി​ന്ന് ഒഴി​ഞ്ഞുകൊണ്ടി​രി​ക്കുന്നു.

ഒന്നു രണ്ടാഴ്ച്ചയായി​ പെയ്യുന്ന മഴ വി​പണി​യെ ബാധി​ച്ചി​രുന്നു. ഇതി​നുപി​ന്നാലെയാണ് കൊവി​ഡ് പൊടുന്നനെ രൂക്ഷഭാവം കൈക്കൊണ്ടത്.

വിവിധതരം സിനിമാ പേരുകളും സിനിമാ ഡയലോഗുകളും ഉൾപ്പെടുത്തി ശീതളപാനീയങ്ങൾ വിപണി കൈയടക്കിയപ്പോഴാണ് കൊവിഡ് രണ്ടാംതരംഗം വ്യാപാരികൾക്ക് തിരിച്ചടിയാകുന്നത്. റോഡരികുകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും രോഗവ്യാപനത്തെ തുടർന്നാണ് ഭീതി​ പടർന്നത്. ഭക്ഷണപാനീയങ്ങൾ പുറത്തു നിന്നും ഒഴിവാക്കണമെന്ന നിർദ്ദേശവും പൊതുവേ വന്നതോടെ കച്ചവടത്തെ ബാധി​ച്ചുവെന്ന് കച്ചവടക്കാർ പറയുന്നു.

കൊവിഡ് ആദ്യ ഘട്ടത്തിൽ ജോലി നഷ്ടപ്പെട്ട യുവാക്കളുൾപ്പടെയായി​രുന്നു ശീതളപാനീയ വിൽപ്പനയിലേക്ക് തിരിഞ്ഞത്. കടയുടെ മുമ്പിൽ കൂട്ടം കൂടി നിൽക്കുന്നത് രോഗവ്യാപനം കൂട്ടുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

ഏത് പ്രതികൂല സ്ഥിതിയിലും ഉപ്പും മധുരവും സോഡയും ചേർത്ത നാരങ്ങവെള്ളത്തിനോടാണ് മലയാളിക്ക് എന്നും പ്രിയം. മുൻ വർഷങ്ങളിലേതിനേക്കാൾ വിപണിയിലെ സ്റ്റാർ ഇളനീരും കരിമ്പിൻ ജ്യൂസും നാരങ്ങയുമായിരുന്നു.

കൃത്രിമ ശീതളപാനീയങ്ങൾ വ്യാപകമായതോടെയാണ് ഇളനീരിനും കരിമ്പിനും നാരങ്ങയ്ക്കും പ്രിയമേറിയത്.എന്നാൽ, കൊവിഡ് രോഗവ്യാപനവും കാലാവസ്ഥയും കച്ചവടത്തെയും ബാധിച്ചു. സംഭാരം, നാരങ്ങ സർബത്ത്, തണ്ണിമത്തൻ ജ്യൂസ്, കരിമ്പ് ജ്യൂസ്, ഇളനീർ, കാരറ്റ്, പപ്പായ, പൈനാപ്പിൾ, ഷമാം, ഓറഞ്ച് തുടങ്ങി വിവിധ തരത്തിലുള്ള ശീതള പാനീയങ്ങളാണ് വിപണി കീഴടക്കിയിരുന്നത്. എന്നാൽ, ഇന്ന് ഇതെല്ലാം ഉണ്ടെങ്കിലും കച്ചവടം നഷ്ടമാണെന്നാണ് വ്യാപാരികൾ പറയുന്നത്.

........

കൊവിഡ് രണ്ടാംതരംഗത്തിൽ വഴിയോര കച്ചവടക്കാർക്ക് വിപണി നഷ്ടപ്പെട്ടു. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലേക്ക് എത്തിയ സമയമായിരുന്നു. കൂട്ടം കൂടി ആളുകൾക്ക് നിൽക്കുവാൻ കഴിയില്ലെന്നതാണ് പ്രശ്നം. പാഴ്സൽ സമ്പ്രദായം ഇല്ല ഇതുവരെ. ഇതിനെകുറിച്ച് ആലോചിക്കുന്നുണ്ട്.

(ഇജാസ്,വഴിയോരകച്ചവടക്കാരൻ കൈചൂണ്ടി മുക്ക്)