മാവേലിക്കര: ആത്മബോധോദയസംഘ സ്ഥാപകൻ ശുഭാനന്ദ ഗുരുവിന്റെ 139ാമത് പൂരം ജന്മദിനം ചെറുകോൽ പൂരമായി ആത്മബോധോദയ സംഘത്തിന്റെ കേന്ദ്രസ്ഥാപനമായ മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. പത്തു ദിവസങ്ങളിലായി നടന്നുവന്ന ആഘോഷങ്ങൾക്ക് ഇന്നലെ സമാപനമായി. രാവിലെ ഗുരുപൂജ, പ്രാർത്ഥന, ഗുരുദക്ഷിണ, സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന, ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, എതിരേൽപ് എന്നീ ചടങ്ങകൾ നടന്നു. തുടർന്ന് ആശ്രമാധിപതി ദേവാനന്ദ ഗുരു അനുഗ്രഹപ്രഭാഷണം നടത്തി.
ഉച്ചയ്ക്ക് നടന്ന ജന്മനക്ഷത്ര സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ഗീതാനന്ദൻ സ്വാമി അദ്ധ്യക്ഷനായി. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത ആശീർവാദവും ദേവാനന്ദ ഗുരു അനുഗ്രഹപ്രഭാഷണവും നടത്തി. ശ്രീശുഭാനന്ദ ഗുരുദേവ തിരുമൊഴികൾ അടങ്ങുന്ന രണ്ടു പുസ്തകങ്ങൾ ആശ്രമാധിപതി ദേവാനന്ദ ഗുരു പ്രകാശനം ചെയ്തു. സജി ചെറിയാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വിവേകാനന്ദൻ സ്വാമി, ധർമ്മിതീർത്ഥിർ സ്വാമി, ഇ.എൻ.നാരായണൻ, അഡ്വ.പി.കെ.വിജയപ്രസാദ് എന്നിവർ സംസാരിച്ചു. വൈകിട്ട് സേവയും സംഗീത സദസും നടന്നു. ഇന്ന് രാവിലെ തൃക്കൊടിയിറക്ക് .