s

ആലപ്പുഴ: കൊവിഡ് വ്യാപനം പ്രതിരോധിക്കാനായി ജില്ലയിൽ ഇന്നും നാളെയും മുഴുവൻ സമയ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അത്യാവശ്യ കാര്യങ്ങൾ മാത്രമേ അനുവദിക്കൂ.

റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, ബസ് സ്റ്റാൻഡ്/ സ്റ്റോപ്പ്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും തിരികെ വീടുകളിലേക്കും സ്വകാര്യ, ടാക്സി വാഹനങ്ങൾ അനുവദിക്കും. ഇതിനായി കൃത്യമായ യാത്രാ രേഖകൾ കയ്യിൽ കരുതണം. ഭക്ഷ്യ വസ്തുക്കൾ, പലവ്യഞ്ജനം, പഴങ്ങൾ, പച്ചക്കറികൾ, പാലും പാലുത്പ്പന്നങ്ങളും, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന പ്രാദേശിക കടകൾക്ക് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രം പ്രവർത്തിക്കാം. അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള രോഗികൾ, സഹായികൾ, വാക്സിനേഷൻ നടത്താൻ പോകുന്നവർ എന്നിവർക്ക് യാത്ര ചെയ്യാം. ഇവർ ഐ.ഡി കാർഡ് കരുതണം. അടിയന്തര, അവശ്യ സേവനങ്ങൾ നൽകുന്നതും ആഴ്ചയിൽ മുഴുവൻ സമയവും പ്രവർത്തിക്കേണ്ടതുമായ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഇവിടങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ അത്യാവശ്യ യാത്ര അനുവദിക്കും.

കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ നടത്താൻ അനുമതിയുണ്ട്. 75 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരവും മറ്റ് വകുപ്പുകൾ പ്രകാരവും കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു.