ഒ.ഡി.എഫ് പ്ലസ് പദവി നേടുന്ന ജില്ലയിലെ ആദ്യ നഗരം
മാവേലിക്കര: മാവേലിക്കര നഗരസഭയ്ക്ക് വെളിയിട വിസർജ്ജന വിമുക്ത നഗര പദവി. പൊതുശുചിത്വം, പൊതുശൗചാലയങ്ങളുടെ മികച്ച നിലയിലുള്ള പരിപാലനം, ആവശ്യത്തിന് പൊതുശൗചാലയങ്ങൾ ഏർപ്പെടുത്തൽ എന്നീ നേട്ടങ്ങൾ കൈവരിക്കുന്ന നഗരങ്ങളെയാണ് ഓപ്പൺ ഡെഫിക്കേഷൻ പ്ലസ് നഗരങ്ങളായി സ്വച്ച് ഭാരത് മിഷൻ തിരഞ്ഞെടുക്കുന്നത്. ശൗചാലയം ഇല്ലാത്ത എല്ലാ വീടുകളിലും ശൗചാലയം നിർമ്മിച്ച് നൽകി വെളിയിട വിസർജ്ജന വിമുക്ത നഗരമായി മാവേലിക്കര ഇതിനകം പ്രഖ്യാപിക്കപ്പെട്ടിരുന്നു. നഗരത്തിൽ വന്നുപോകുന്ന ജനങ്ങൾക്കും ഉപയോഗിക്കുവാൻ കഴിയുന്ന പൊതുസൗകര്യങ്ങളുണ്ടോ എന്നതാണ് ഒ.ഡി.എഫ് പ്ലസ് പദവിയിലെത്തുവാൻ പ്രധാനമായും പരിശോധിച്ചത്.
മാവേലിക്കര നഗരത്തിലെ നഗരസഭ വക പൊതു ശൗചാലയങ്ങളെ കൂടാതെ പെട്രോൾ ബങ്കുകൾ, ഗവ.കെട്ടിട സമുച്ചയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ ശൗചാലയങ്ങളായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സംവിധാനമൊരുക്കിയാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്. അങ്കമാലി, നെയ്യാറ്റിൻകര എന്നീ നഗരസഭകളാണ് ഒ.ഡി.എഫ് പദവി ലഭിച്ച മറ്റ് നഗരസഭകൾ.
ഇത് അഭിമാനകരമായ ഒരു നേട്ടമാണ്.
നഗരസഭാ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിന്റെയും കൗൺസിലിൽ അംഗങ്ങൾ നൽകിയ നേതൃത്വവും നഗരവാസികളുടെ സഹകരണത്തിന്റെയും ഫലമാണ് ഈ ബഹുമതി.
കെ.വി.ശ്രീകുമാർ,
നഗരസഭാ ചെയർമാൻ