കുട്ടനാട്: മില്ലുകൾ പിൻമാറിയതിനെത്തുടർന്ന് തലവടി കൃഷിഭവന് കീഴിൽ വരുന്ന വിവിധ പാടശേഖരങ്ങളിലെ നെല്ല് സംഭരണം മുടങ്ങിയിട്ട് ഒരാഴ്ച. 110 ഏക്കറോളം വരുന്ന ചൂട്ടുമാലി, 200 ഏക്കർ വരുന്ന എട്ടിയാരിമുട്ടും പാട്കോതാക്കേറ, വാഴക്കുഴിവേലി, വാടക്കകം എന്നീ പാടശേഖരങ്ങളിലെ സംഭരണമാണ് പ്രതിസന്ധിയിലായത്.
ഈ പാടശേഖര സമിതികൾ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻഫാം എന്ന മില്ലുമായിട്ടാണ് ധാരണയിൽ ഒപ്പുവച്ചത്. എന്നാൽ കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇവർ നെല്ല് സംഭരിക്കാൻ തയ്യാറായില്ല. ഇതോടെ പാടത്തും ബണ്ടുകളിലുമായി കൂട്ടിയിട്ടിരുന്ന നെല്ല് വേനൽമഴയിൽ നനഞ്ഞ് കുതിർക്കുന്ന അവസ്ഥയായി. കൂടുതൽ നെല്ല് സംഭരിക്കാൻ മില്ലുകാർക്കുള്ള ശേഷിക്കുറവാണ് പിൻമാറ്റത്തിനു കാരണമെന്ന് അറിയുന്നു. പ്രതിസന്ധി കണക്കിലെടുത്ത് അടുത്ത ഏജൻസിയെ കണ്ടെത്താൻ കൃഷി അധികൃതർ തയ്യാറായില്ലെന്നും കർഷകർ ആരോപിക്കുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടനാട് സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. വി.കെ. സേവ്യർ അദ്ധ്യക്ഷനായി. ജെ.ടി. റാംസെ, മണ്ഡലം പ്രസിഡന്റ് സി.പി. സൈജേഷ് ജോയ് ചക്കനാട് തുടങ്ങിയവർ സംസാരിച്ചു.