s

അനാവശ്യമായി റോഡിലിറങ്ങിയവർക്ക് പിഴ ചുമത്തി

ആലപ്പുഴ : കൊവിഡ് കരുതലിന്റെ ഭാഗമായി വാരാന്ത്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജില്ലയിൽ അനുകൂല പ്രതികരണം.കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തി. ഹയർസെക്കൻഡറി പരീക്ഷയുൾപ്പെടെ മുടക്കമില്ലാതെ നടന്നു. സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ടാക്സികളും നിരത്തിലിറങ്ങിയില്ല.

പച്ചക്കറി, പലചരക്ക് കടകൾ തുറന്നു. അനാവശ്യമായി നിരത്തിലിറങ്ങിയ ഇരുചക്ര-നാലുചക്രവാഹനങ്ങൾക്ക് 500മുതൽ 5000രൂപ വരെ പിഴ ചുമത്തി. കഴിഞ്ഞ ദിവസങ്ങളിൽ ബോധവത്കരണവും താക്കീതും മുന്നറിയിപ്പും നൽകിയ പൊലീസ് ഇന്നലെ നിലപാട് കടുപ്പിക്കുകയായിരുന്നു. ഓരോ സ്റ്റേഷൻ അതിർത്തിയിലും ഒന്നിലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തി. വ്യാജ സത്യവാങ് മൂലം നൽകി കടന്നു പോകാൻ ശ്രമിച്ചവരിൽ നിന്നും പിഴ ഈടാക്കി.

ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞാണ് പൊലീസ് പരിശോധന നടത്തിയത്. മാസ്ക്, ഹെൽമെറ്റ്, എന്നിവ ധരിക്കാതെ വന്നവർക്കും നിബന്ധനകൾക്ക് വിരുദ്ധമായി വാഹനങ്ങൾ നിരത്തിലിറക്കിയവർക്കും എതിരെയാണ് നടപടിയെടുത്തത്. ഇന്നലെ ജില്ലയിൽ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 25 കേസുകളിൽ 14 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1559 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1256 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 30995 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു. ജില്ലയിൽ ഇന്നും മുഴുവൻസമയ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു.

മുടക്കമില്ലാതെ ബോട്ട്, ബസ് സർവീസ്

ജില്ലയിൽ ഇന്നലെ ജലഗതാഗത വകുപ്പും കെ.എസ്.ആർ.ടി.സിയും പതിവ് പോലെ സർവീസ് നടത്തി. കെ.എസ്.ആർ.ടി.സി എല്ലാ ഡിപ്പോകളിൽ നിന്ന് ഇന്നലെ 60ശതമാനം ഷെഡ്യൂളുകളും ജലഗതാഗത വകുപ്പ് മുഴുവൻ ബോട്ട് സർവീസുകളും നടത്തി. പക്ഷേ, മുൻ ദിവസങ്ങളിലുണ്ടായിരുന്ന യാത്രക്കാരുടെ പത്ത് ശതമാനം പേർ പോലും ഇല്ലായിരുന്നു. പ്ളസ്ടു പരീക്ഷ കണക്കിലെടുത്താണ് കനത്ത സാമ്പത്തിക നഷ്ടം സഹിച്ചും സർവീസ് നടത്തിയത്. കഴിഞ്ഞ ദിവസം അഞ്ച് ലക്ഷം രൂപ കളക്ഷൻ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഇന്നലെ രണ്ട് ലക്ഷം രൂപയിൽ താഴെയായിരുന്നു കളക്ഷൻ.

യാത്രാരേഖ കരുതണം
അടിയന്തര യാത്രകൾ മാത്രമേ ഇന്നും അനുവദിക്കൂ. ഇതിനായി കൃത്യമായ യാത്രാരേഖകൾ കൈയിൽ കരുതണം.ദീർഘദൂര ബസ്, ട്രെയിൻ സർവീസുകളുണ്ടാകും.