ആലപ്പുഴ : എ.എസ് കനാലിന് കുറുകേ നിർമിക്കുന്ന പുതിയ കൊമ്മാടി പാലത്തിന്റെ പൈലിംഗ് അടുത്ത ആഴ്ച അവസാനം ആരംഭിക്കും. ബൈപ്പാസ് ഉദ്ഘാടനത്തിനു ശേഷം, പഴയ പാലം പൊളിച്ചു നീക്കുന്ന ജോലികൾ ആരംഭിച്ചെങ്കിലും ഇഴഞ്ഞു നീങ്ങുകയായിരുന്നു. പഴയ പാലത്തിൽ ഘടിപ്പിച്ചിരുന്ന ജല അതോറിട്ടിയുടെ കുടിവെള്ള പൈപ്പും പാലത്തോട് ചേർന്ന് കരയിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്ന കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറും നീക്കം ചെയ്യുന്നതിലുണ്ടായ താമസമാണ് പാലം പൊളിക്കുന്ന ജോലികൾ വൈകിപ്പിച്ചത്. ഇതുവഴിയുള്ള ഗതാഗതം മുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധം വ്യാപകമായിരുന്നു. അഞ്ച് ദിവസം മുമ്പ് ട്രാൻസ്ഫോർമർ നീക്കം ചെയ്തെങ്കിലും പാലത്തിന്റെ പടിഞ്ഞാറെക്കരയിലുള്ള പോസ്റ്റുകൾ കെ.എസ്.ഇ.ബി ഇനിയും നീക്കം ചെയ്തിട്ടില്ല. നാളെ തൂണുകൾ നീക്കം ചെയ്യുമെന്നാണ് പൊതുമരാമത്ത് വകുപ്പിനെ കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്. നഗരത്തിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് ശവക്കോട്ട പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാനും കൊമ്മാടി പാലം പുനർനിർമ്മിക്കാനും പദ്ധതി തയ്യാറാക്കിയത്.
പഴയ പാലം പൊളിക്കുന്ന സാമഗ്രികൾ ഉപയോഗിച്ച് പാലത്തിന്റെ ഇരുവശവും ബണ്ട് കെട്ടും. ബണ്ടിന് ഉള്ളിലെ വെള്ളം നീക്കം ചെയ്തിട്ടേ പൈലിംഗ് ജോലി ആരംഭിക്കാൻ കഴിയൂ.
28.45 : ശവക്കോട്ടപ്പാലത്തിന് സമന്തരമായി പുതിയ പാലം, കൊമ്മാടിപ്പാലം എന്നിവയുടെ നിർമ്മാണത്തിനും റോഡ് പുതുക്കി പണിയുന്നതിനുമായി 28.45 കോടിയാണ് അനുവദിച്ചത്
കൊമ്മാടി പാലം
29 മീറ്റർ നീളം, 14 മീറ്റർ വീതി
ഇരുവശവും ഒന്നരമീറ്റർ നടപ്പാത
ശവക്കോട്ടപ്പാലം
പുതിയ ശവക്കോട്ടപാലത്തിന്റെ ബീമുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. 13ബീമുകളിൽ പത്തെണ്ണം പൂർത്തികരിച്ചു. ശേഷിക്കുന്ന മൂന്ന് ബീമുകളുടെ നിർമ്മാണം തിങ്കളാഴ്ച ആരംഭിക്കും.പുതിയ പാലത്തോടൊപ്പം നിർമ്മിക്കുന്ന നടപ്പാലത്തിന്റെ അഞ്ച് ബീമുകളുടെയും നിർമ്മാണം പൂർത്തീകരിച്ചു. ശവക്കോട്ടപ്പാലവും കൊമ്മാടി പാലവും ബന്ധിപ്പിക്കാൻ എ.എസ് കനാലിന്റെ പടിഞ്ഞാറെ കരയിൽ 2.5 കിലോമീറ്റർ നീളത്തിലുള്ള റോഡ് കാനയോടെ പുതുക്കിപ്പണിയും.