അമ്പലപ്പുഴ: കഞ്ഞിപ്പാടം കോലടി കാട് പാടശേഖരത്തിൽ കൊയ്ത്തു കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ റോഡിൽ നിറപറ സമർപ്പിച്ച് പ്രതിഷേധിച്ചു. ഇനിയും നെല്ല് സംഭരിച്ചില്ലെങ്കിൽ റോഡിൽ നെല്ല് കൂട്ടിയിട്ട് കത്തിക്കുമെന്നും രണ്ടാം കൃഷി ഉപേക്ഷിക്കുമെന്നും കർഷകർ പറഞ്ഞു.
125 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 110 ചെറുകിട കർഷകരാണ് കൃഷി ചെയ്യുന്നത്. പാടശേഖരം രണ്ടാം കൃഷി ഉപേക്ഷിക്കുകയാണെങ്കിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ വീടുകൾ പൂർണമായും വെള്ളത്തിനടിയിലാകും. തൊട്ടടുത്തുള്ള നാലുപാടം പാടശേഖരത്തിലും ഗതാഗതസൗകര്യങ്ങൾ ഇല്ലാത്തതിനാൽ നെല്ല് സംഭരണം മുടങ്ങിയിരിക്കുകയാണ്. കൊയ്തിട്ട നെല്ല് കിളിർത്തു നശിക്കുന്ന സ്ഥിതി ഒഴിവാക്കിയില്ലെങ്കിൽ പാഡി ഓഫീസ് ഉപരോധം ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് പാടശേഖരം സന്ദർശിച്ച ബി.ജെ.പി അമ്പലപ്പുഴ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ പറഞ്ഞു.